കോഴിക്കോട്: ബസിന് മുന്നില്‍ സ്‌കൂട്ടറുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തില്‍ യുവാവിന്റെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു.
കല്ലായി സ്വദേശി ഫര്‍ഹാന്‍ ആണ് സ്‌കൂട്ടര്‍ അപകടകരമാം വിധം റോഡിലൂടെ സിഗ് സാഗ് മോഡലില്‍ വാഹനമോടിച്ചത്. ആറ് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഫര്‍ഹാനെതിരെ പൊലീസും കേസെടുത്തിരുന്നു.
കഴിഞ്ഞദിവസം വൈകിട്ട് കോഴിക്കോട് മീഞ്ചന്ത ബൈപാസിലാണ് സംഭവം നടന്നത്. ബസിനു കടന്നു പോകാനാവാത്ത വിധം സിഗ് സാഗ് മാനറില്‍ ഡ്രൈവ് ചെയ്തായിരുന്നു യുവാവിന്റെ അഭ്യാസം. കുറെ ദൂരം യുവാവ് സിഗ്‌സാഗ് മാതൃകയില്‍ സ്‌കൂട്ടര്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.
യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്നും അതിനാലാണ് ഇത്തരത്തില്‍ ബസിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയതെന്നും പോലീസ് വെളിപ്പെടുത്തി. യുവാവും ബസ് ഡ്രൈവറും തമ്മില്‍ മറ്റു പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.