ജലഗതാഗത വകുപ്പിൻ്റെ ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടം; വിദ്യാർഥിനി മരിച്ചു

ജലഗതാഗത വകുപ്പിൻ്റെ ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടം; വിദ്യാർഥിനി മരിച്ചു

കോട്ടയം: കോട്ടയം അയ്മനം കരീമഠത്ത് ജലഗതാഗത വകുപ്പിൻ്റെ ബോട്ട് വള്ളത്തിലിടിച്ച് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. വെച്ചൂർ വാഴേപ്പറമ്പിൽ രതീഷിൻ്റെ മകൾ അനശ്വരയെയാണ് മരിച്ചത്. രാവിലെ എട്ടരയോടെയോടെ കോലടിച്ചിറ ജെട്ടിക്കു സമീപമായിരുന്നു അപകടം.

അനശ്വരയും അമ്മ രേഷ്മയും ഇളയകുട്ടിയും സഞ്ചരിച്ച എഞ്ചിൻ ഘടിപ്പിച്ച വള്ളത്തിൽ സർവീസ് ബോട്ട് ഇടിച്ച് മറിയുകയായിരുന്നു. മുത്തച്ഛനാണ് എഞ്ചിൻ ഘടിപ്പിച്ച വള്ളം ഓടിച്ചിരുന്നത്. അനശ്വര ഒഴികെ മറ്റ് മൂന്നു പേരെയും രക്ഷപ്പെടുത്തി. ഫയർഫോഴ്സും സ്ക്യൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാലണ് മൃതദേഹം വള്ളം മറിഞ്ഞതിനു സമീപത്തു നിന്നും കണ്ടെത്തിയത്.

ചെറുതോട്ടിൽ നിന്നും ബോട്ടുചാലിലേക്ക് എത്തിയ വള്ളത്തിൽ ബോട്ടിടിക്കുകയായിരുന്നു. മണിയാപ്പറമ്പ് – ചീപ്പുങ്കൽ സർവീസ് നടത്തിയിരുന്ന ജലഗതാഗത വകുപ്പിൻ്റെ ബോട്ടാണ് വള്ളത്തിൽ ഇടിച്ചത്. വെച്ചൂർ സെൻ്റ് മൈക്കിൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.