ലണ്ടന്‍: ലണ്ടനില്‍ കോവിഡ് 19 വ്യാപനം അതിരൂക്ഷമാകുന്നു. ഓരോ ദിവസവും കൂടുതല്‍ രോഗികള്‍ എത്തുന്നതു മൂലം വൈകാതെ ആശുപത്രികളില്‍ ഇടമില്ലാത്ത സാഹചര്യമുണ്ടാകുമെന്ന് മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കി.
'ലണ്ടനില്‍ ഗുരുതരമായ സാഹചര്യമാണുള്ളത്. നഗരത്തിലെ 30 പേരില്‍ ഒരാള്‍ക്കെന്ന കണക്കില്‍ കോവിഡ് വ്യാപിച്ചിട്ടുണ്ട്. കോവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അടിയന്തരമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ആരോഗ്യ സംവിധാനങ്ങള്‍ മതിയാകാതെ വരുകയും കൂടുതല്‍ പേര്‍ മരിക്കുകയും ചെയ്യും'- മേയര്‍ പറഞ്ഞു.
കോവിഡ് ബാധിതരുടെ എണ്ണം പൊടുന്നനെ കുറഞ്ഞില്ലങ്കില്‍ വരുന്ന ആഴ്ചകളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളില്‍ ഇടമില്ലാത്ത അവസ്ഥയുണ്ടാകും. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ലണ്ടനിലെ ആശുപത്രികളില്‍ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 27 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ തോതും വര്‍ധിച്ചിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനശേഷി മുന്‍ വൈറസിനേക്കാള്‍ ശക്തമായതിനാല്‍ ദിവസേന രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി കൂടുകയാണ്.