തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ അടിയന്തര സേവന നമ്പരായ 108 ലേക്ക് എത്തുന്ന വ്യാജ കോളുകളെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ദൃശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
മദ്യപിച്ച് ബോധമില്ലാത്തവരും കുട്ടികളും 108 ലേക്ക് അനാവശ്യമായി വിളിക്കാറുണ്ടെന്ന് കോള്‍ സെന്റര്‍ ജീവനക്കാര്‍ പറയുന്നു. 2020 ജനുവരി ഒന്ന് മുതല്‍ 2023 ഒക്ടോബര്‍ വരെ 45,32,000 കോളുകളാണ് 108 ലേയ്‌ക്കെത്തിയത്. ഇതില്‍ 27,93,000 കോളുകളും അനാവശ്യമായിരുന്നു. ചിലതില്‍ അസഭ്യവര്‍ഷവും നിറഞ്ഞിരുന്നു.
അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് ലോക്ക് ചെയ്ത് നല്‍കുന്ന മൊബൈല്‍ ഫോണില്‍ നിന്നു കുഞ്ഞുങ്ങളും 108 ലേക്ക് വിളിക്കാറുണ്ട്. ലോക്ക് ചെയ്ത ഫോണില്‍ നിന്നും 108 ലേക്ക് വിളിക്കാന്‍ കഴിയും. പൊലീസ് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വിലപ്പെട്ട സമയം പാഴാകുമെന്നാണ് പറയുന്നത്.