കളമശേരി സ്‌ഫോടനം: ഡൊമിനിക് മാര്‍ട്ടിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു; സംശയങ്ങള്‍ ബാക്കി, കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും

കളമശേരി സ്‌ഫോടനം: ഡൊമിനിക് മാര്‍ട്ടിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു; സംശയങ്ങള്‍ ബാക്കി, കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കുറ്റസമ്മതം നടത്തി ഫെയ്‌സ് ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തയും തൊട്ടു പിന്നാലെ കീഴടങ്ങിയതുമെല്ലാം അന്വേഷണം തന്നിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടാനുള്ള മാര്‍ട്ടിന്റെ തന്ത്രമാണോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്.

കൊച്ചി: കളമശേരിയില്‍ യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഞായറാഴ്ച ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ പ്രതി കൊച്ചി തമ്മനം സ്വദേശി ഡൊമിനിക്ക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ, കൊലപാതകം, ഗൂഢാലോചന, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

അറസ്റ്റിന് മുന്‍പ് കേരള പൊലീസിനെ കൂടാതെ ദേശീയ അന്വേഷണ ഏജന്‍സികളായ എന്‍ഐഎ, എന്‍എസ്ജി സംഘവും പ്രതിയെ ചോദ്യം ചെയ്തിരുന്നു. സംഭവത്തിന് പിന്നില്‍ ഇയാള്‍ മാത്രമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കാണാമറയത്തുള്ള ആരുടെയെങ്കിലും ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് കേന്ദ്ര ഏജന്‍സികള്‍ പ്രത്യേകം അന്വേഷിക്കുന്നുണ്ട്.

തീവ്രവാദ സംഘടനകളും മാവോയിസ്റ്റുകളും ഉപയോഗിക്കുന്ന ഐഇടി (ഇംപ്രമൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സ്‌ഫോടനത്തിന് ഉപയോഗിക്കാന്‍ തക്ക വൈദഗ്ധ്യം ഇയാള്‍ക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിക്കുന്നത്. യുട്യൂബ് വീഡിയോകളില്‍ നിന്നാണ് ബോംബ് നിര്‍മാണം മനസിലാക്കിയതെന്ന പ്രതിയുടെ മൊഴി കേന്ദ്ര ഏജന്‍സികള്‍ പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കുറ്റസമ്മതം നടത്തി ഫെയ്‌സ് ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തയും തൊട്ടു പിന്നാലെ കീഴടങ്ങിയതുമെല്ലാം അന്വേഷണം തന്നിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടാനുള്ള മാര്‍ട്ടിന്റെ തന്ത്രമാണോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. മാത്രമല്ല, ഇയാളുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ആരാണ് ഡിലീറ്റ് ചെയ്തതെന്നും കണ്ടെത്താനായിട്ടില്ല.

എന്തായാലും അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഡൊമിനിക് മാര്‍ട്ടിനെ വൈകാതെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഞായറാഴ്ച ഉച്ചയോടെയാണ് ഡൊമിനിക് മാര്‍ട്ടിന്‍ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പിന്നീട് ഇയാളെ കളമശേരിയില്‍ എത്തിച്ചാണ് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.