തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്റ്റാളുകള്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കെ.എല്‍.ഐ.ബി.എഫിന്റെ ആദ്യ പതിപ്പ് വലിയ വിജയമായിരുന്നതുപോലെ രണ്ടാം പതിപ്പും വിജയമാകട്ടെയെന്ന് സ്പീക്കര്‍ ആശംസിച്ചു. ഉദ്ഘാടന ശേഷം സ്പീക്കര്‍ പുസ്തകോത്സവത്തിലെ സ്റ്റാളുകളെല്ലാം സന്ദര്‍ശിച്ചു.
160 ഓളം പ്രസാധകരുടെ 255ലധികം സ്റ്റാളുകളാണ് പുസ്തകോത്സവത്തിലുള്ളത്. ഉദ്ഘാടനം കഴിഞ്ഞയുടന്‍ തന്നെ പുസ്തകോത്സവവും നിയമസഭാ മന്ദിരവും സന്ദര്‍ശിക്കാനായി സ്‌കൂള്‍ കുട്ടികള്‍ എത്തിത്തുടങ്ങി. ഇന്ന് മുതല്‍ ഏഴ് വരെയാണ് നിയമസഭാ സമുച്ചയത്തില്‍ പുസ്തകോത്സവം നടക്കുക.
പൊതുജനങ്ങള്‍ക്ക് മലയാളം പുസ്തങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 20 ശതമാനവും ഇംഗ്ലീഷ് പുസ്തങ്ങള്‍ക്ക് 10 ശതമാനവും കിഴിവ് ലഭിക്കും. ലൈബ്രറികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും നിയമസഭാ ജീവനക്കാര്‍ക്കും മലയാളം പുസ്തങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 35 ശതമാനവും ഇംഗ്ലീഷ് പുസ്തങ്ങള്‍ക്ക് 20 ശതമാനവും കിഴിവ് ലഭിക്കും.
കൂടാതെ സ്‌കൂള്‍ കുട്ടികള്‍ക്ക് നിയമസഭാ മ്യൂസിയം, അസംബ്ലി ഹാള്‍, ശാസ്ത്ര സാങ്കേതിക മ്യൂസിയം, നേപ്പിയര്‍ മ്യൂസിയം, മൃഗശാല, താളിയോല മ്യൂസിയം എന്നിവിടങ്ങള്‍ സൗജന്യമായി സന്ദര്‍ശിക്കുന്നതിന് പാക്കേജും ഒരുക്കിയിട്ടുണ്ട്.