നെടുങ്കണ്ടം ഡീലേഴ്‌സ് സഹകരണ ബാങ്കില്‍ നാലര കോടിയുടെ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസ്

നെടുങ്കണ്ടം ഡീലേഴ്‌സ് സഹകരണ ബാങ്കില്‍ നാലര കോടിയുടെ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസ്

ഇടുക്കി: നെടുങ്കണ്ടത്തെ ഇടുക്കി ജില്ലാ ഡീലേഴ്സ് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ഡിസിസി പ്രസിഡന്റടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസ്. ബാങ്കില്‍ നിന്ന് നാലര കോടി രൂപ തട്ടിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അടക്കം 13 പേര്‍ക്ക് എതിരെയാണ് കേസ്.

ബാങ്ക് പ്രസിഡന്റ് ടോമി ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് അടക്കമുള്ളവരും പ്രതി പട്ടികയിലുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കാണ് നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.

ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകരാണ് രംഗത്ത് വന്നത്. ചികിത്സയ്ക്കും വീട് വയ്ക്കാനുമൊക്കെയായി ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാത്ത സ്ഥിതിയാണ്. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഭരിക്കുന്ന ബാങ്കില്‍ അഞ്ച് ലക്ഷം മുതല്‍ മുപ്പത് ലക്ഷം രൂപ വരെ നിക്ഷേപിച്ച 150 ലധികം പേരാണ് ഇങ്ങനെ പ്രതിസന്ധിയിലായിരിക്കുന്നത്. ആവശ്യ സമയത്ത് ഇവര്‍ക്ക് പണം കിട്ടാതെ വന്നതോടെയാണ് അഴിമതി പുറത്തായത്. 36 കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നാണ് ആക്ഷേപം.

അതേസമയം മുന്‍ ജീവനക്കാര്‍ നടത്തിയ നിയമ ലംഘനങ്ങളാണ് ബാങ്കിനെ കടക്കെണിയിലാക്കിയതെന്ന് ഭരണ സമിതി പറയുന്നു. ക്രമക്കേടിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത മുന്‍ സെക്രട്ടറി ഇപ്പോള്‍ ഒളിവിലാണ്. സഹകാരികള്‍ അറിയാതെ അവരുടെ പേരില്‍ വായ്പ എടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്.

പണം നിക്ഷേപിച്ച് വെട്ടിലായവര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ഇപ്പോള്‍ സമരത്തിലാണ്. ക്രമക്കേട് സംബന്ധിച്ച് പോലീസിനും സഹകകരണ വകുപ്പിനും ഭരണ സമിതി പരാതി നല്‍കിയിട്ടുണ്ട്. ഇതിലാണ് ഇപ്പോള്‍ വിജിലന്‍സ് കേസെടുത്തിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.