കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്: ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു; പന്ത്രണ്ടായിരത്തോളം പേജുകള്‍, എ.കെ ബിജോയ് ഒന്നാം പ്രതി

കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്: ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു; പന്ത്രണ്ടായിരത്തോളം പേജുകള്‍, എ.കെ ബിജോയ് ഒന്നാം പ്രതി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്.

ബാങ്കിലെ മുന്‍ കമ്മീഷന്‍ ഏജന്റ് എ.കെ ബിജോയ് ആണ് ഒന്നാം പ്രതി. 12,000 ത്തോളം പേജുകളുള്ള കുറ്റപത്രത്തില്‍ 13-ാം  പ്രതിയാണ് സിപിഎം വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍. കുറ്റപത്രത്തില്‍ ആകെ 55 പ്രതികളാണുള്ളത്.

ഇതില്‍ അഞ്ചെണ്ണം കമ്പനികളാണ്. ഒന്നാം പ്രതി ബിജോയിയുടെ ഉടസ്ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റൊരു പ്രതിയായ പി.പി കിരണിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളുമാണ് കുറ്റപത്രത്തില്‍ ഇ.ഡി വ്യക്തമാക്കിയിട്ടുള്ള അഞ്ച് കമ്പനികള്‍.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം തുടരുന്നത്. ബാങ്ക് ഭരണ സമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് കരുവന്നൂര്‍ ബാങ്ക് കേന്ദ്രീകരിച്ച് നടന്നെന്നാണ് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നത്.

പ്രതികളുടെ 97 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. കേസില്‍ പ്രതികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കേസില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി.

2021 ജൂലൈയിലാണ് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറിയ കേസിന്റെ അന്വേഷണം ഇ.ഡി ഏറ്റെടുക്കുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.