മാനന്തവാടി: അമ്പായത്തോട് - പാല്‍ചുരം റോഡിന്റെ നവീകരണ പ്രവൃത്തികള്‍ നാളെ മുതല്‍ തുടങ്ങുമെന്ന് പി.ഡബ്ല്യു.ഡി അറിയിച്ചു. നവീകരണ പ്രവ്യത്തിയുടെ ഭാഗമായി വയനാട് - കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അമ്പായത്തോട് - പാല്‍ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഈ വഴി പോകേണ്ട വാഹനങ്ങള്‍ നെടുംപൊയില്‍ ചുരം വഴി തിരിഞ്ഞ് പോകണമെന്ന് കേരളാ റോഡ് ഫണ്ട് ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പാല്‍ചുരം റോഡ് പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് ഏറെ നാളുകളായി യാത്രാ യോഗ്യമല്ലായിരുന്നു. റോഡ് യാത്രായോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെയും മാനന്തവാടി - ചുങ്കക്കുന്ന് മേഖലകളുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ഞായറാഴ്ച്ച പ്രതിഷേധ പ്രകടനവും പൊതുജന അഭിപ്രായ ശേഖരണവും നടത്തിയിരുന്നു.
റോഡിന്റെ ശോച്യാവസ്ഥ വ്യക്തമാക്കിക്കൊണ്ടും പാല്‍ചുരം റോഡ് യാത്രാ യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടും സീ ന്യൂസ് ലൈവ് ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗം ടിനുമോന്‍ തോമസ് മങ്കൊമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.