ആലപ്പുഴ: പരുമല പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ജില്ലയിലെ ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ രണ്ടിന് പൊതു അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പൊതു പരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ പെരുന്നാളിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ജില്ലാ അധികൃതര്‍ അറിയിച്ചു.
അതേസമയം കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പള്ളിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പള്ളിയുടെ വടക്ക്-കിഴക്ക് ഭാഗത്ത് പഴയ കുരിശടിയോട് ചേര്‍ന്നുള്ള ഒന്നും രണ്ടും നമ്പര്‍ ഗേറ്റുകളിലൂടെ മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂവെന്ന് മാനേജിങ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
പള്ളിയുടെ വടക്ക് പടിഞ്ഞാറായി സ്‌കൂളിനു സമീപമുള്ള നാലാം നമ്പര്‍ ഗേറ്റുകളിലൂടെ മാത്രമാകും പുറത്തേക്ക് പോകാനാകുക. ഈ ഭാഗത്തുകൂടി അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പള്ളി കോമ്പൗണ്ടില്‍ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. കബറിടത്തിലേക്ക് ബാഗുകള്‍, ലോഹനിര്‍മ്മിത ബോക്‌സുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, മൊബൈല്‍ ചാര്‍ജറുകള്‍ തുടങ്ങിയവ പ്രവേശിപ്പിക്കില്ല.
തീര്‍ത്ഥാടകര്‍ ഇവ വാഹനങ്ങളില്‍ തന്നെ സൂക്ഷിക്കണം. സംഘങ്ങളായി എത്തുന്നവര്‍ക്ക് സംഘാടകര്‍ ഫോണ്‍ നമ്പറും ഫോട്ടോയും അടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. പൊലീസിന്റെയും അംഗീകൃത വോളന്റിയര്‍മാരുടെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.