തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ പുനരന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം ഇന്ന് ബാലഭാസ്‌കറിന്റെ പിതാവിന്റെ മൊഴിയെടുക്കും. കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ അടക്കം സംഘം പരിശോധന നടത്തും. കേസില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്കാളിത്തവും അന്വേഷണ സംഘം പരിശോധിക്കും.
ഇന്‍സ്പെക്ടര്‍ സജി ശങ്കറിന്റെ നേതൃത്വത്തിലാണ് പുനരന്വേഷണം നടക്കുക. ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ഉണ്ണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്നാണ് കേസിന്റെ പുനരന്വേഷണം സിബിഐ ഏറ്റെടുത്തത്. നേരത്തെ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ച കേസാണ് വീണ്ടും സിബിഐ പുനരന്വേഷിക്കുന്നത്. കേസന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സിബിഐയ്ക്ക് കോടതിയുടെ നിര്‍ദേശം.
ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് കാണിച്ചാണ് നേരത്തെ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന വാദം തള്ളിയാണ് സിബിഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.