ഷോക്കടിപ്പിച്ച് കെ.എസ്.ഇ.ബി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

ഷോക്കടിപ്പിച്ച് കെ.എസ്.ഇ.ബി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 20 രൂപയാണ് വര്‍ധിപ്പിച്ചത്. സംസ്ഥാന റെഗുലേറ്റേറി കമ്മീഷന്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള താരിഫ് പ്രഖ്യാപിച്ചുകൊണ്ടാണ് ഉത്തരവ് ഇറക്കിയത്.

നവംബര്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തിലായി. അടുത്ത വര്‍ഷം ജൂണ്‍ 30 വരെയാണ് നിരക്ക് കാലാവധി. വര്‍ധനവിലൂടെ 531 കോടി രൂപയാണ് കെ.എസ്.ഇ.ബിക്ക് പ്രതീക്ഷിക്കുന്ന അധിക വരുമാനം.

40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനവ് ഉണ്ടായിരിക്കില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് രൂപയും 51 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 രൂപയും അധികമായി നല്‍കേണ്ടി വരും. 101 മുതല്‍ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 15 രൂപ അധികം അടക്കേണ്ടി വരും.

2023-24 വര്‍ഷത്തെ കമ്മി 720 കോടിയാണെന്നാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചത്. 41 പൈസ വരെ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബി ശിപാര്‍ശ ചെയ്തിരുന്നത്.

വ്യവസായ സ്ഥാപനങ്ങളില്‍ 1.5 മുതല്‍ മൂന്ന് ശതമാനം വരെ വര്‍ധനയുണ്ട്. ഐ.ടി വ്യവസായത്തിന് താരിഫ് വര്‍ധനവില്ല. കൃഷിയാവശ്യങ്ങള്‍ക്കും യൂണിറ്റിന് 20 പൈസ വര്‍ധിപ്പിച്ചു. ഫിക്‌സഡ് ചാര്‍ജ് നിരക്കും ആനുപാതികമായി കൂട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.