തലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട; നഗര മധ്യത്തിലെ ടാറ്റൂ കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തത് 78.78 ഗ്രാം എംഡിഎംഎ

തലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട; നഗര മധ്യത്തിലെ ടാറ്റൂ കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തത് 78.78 ഗ്രാം എംഡിഎംഎ

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട. നഗര മധ്യത്തില്‍ നിന്ന് എംഡിഎംഎ ശേഖരം എക്‌സൈസ് പിടികൂടി. തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ കേന്ദ്രത്തില്‍ നിന്നാണ് 78.78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.

ടാറ്റൂ സ്റ്റുഡിയോ ഉടമ രാജാജി നഗര്‍ സ്വദേശി മജീന്ദ്രന്‍, ഇയാളുടെ സഹായി പെരിങ്ങമല സ്വദേശി ഷോണ്‍ അജി എന്നിവരെ പിടികൂടി. മജീന്ദ്രന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലും വന്‍തോതില്‍ രാസലഹരി കണ്ടെടുത്തു. പൊലീസിനെ ആക്രമിച്ചതുള്‍പ്പടെ നിരവധി കേസിലെ പ്രതിയാണ് ഇയാള്‍.

നേരത്തേ മറ്റൊരിടത്ത് ടാറ്റൂ കേന്ദ്രം നടത്തിയിരുന്ന മജീന്ദ്രന്‍ അടുത്തിടെയാണ് തമ്പാനൂരിലേക്ക് സ്ഥാപനം മാറ്റിയത്. മാനവീയം വിഥിയിലുള്‍പ്പടെ തലസ്ഥാനത്ത് പലയിടങ്ങളിലും ഇവര്‍ക്ക് ഉപഭോക്താക്കളുണ്ടെന്നാണ് എക്‌സൈസ് സംഘം പറയുന്നത്.

പിടിയിലായശേഷവും ഇവരുടെ ഫോണില്‍ എംഡിഎംഎ ആവശ്യപ്പെട്ട് നിരവധിപേരുടെ വിളികള്‍ എത്തിയിരുന്നു. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് സംഘടിപ്പിച്ചിരുന്നത്. ടാറ്റൂ ചെയ്യാന്‍ ഏറെ സമയം വേണ്ടി വരും. ഒപ്പം വേദനയും അനുഭവിക്കണം.

ഇതും രണ്ടും ഒഴിവാക്കാനുള്ള ഉപാധി എന്നു പറഞ്ഞാണ് ടാറ്റൂ ചെയ്യാനെത്തുന്നവര്‍ക്ക് എംഡിഎംഎ നല്‍കുന്നത്. അധികം വൈകാതെ തന്നെ ഇവര്‍ രാസ ലഹരിക്ക് ഇരകളാവും. ഇങ്ങനെ രണ്ട് തരത്തിലുള്ള ബിസിനസാണ് ടാറ്റൂ കേന്ദ്രത്തിലൂടെ നടത്തിയിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.