വൈദ്യുതി നിരക്ക് വര്‍ധന: സര്‍ക്കാരിന് ഷോക്ക് നല്‍കാന്‍ കോണ്‍ഗ്രസും യുഡിഎഫും; ജില്ല തലങ്ങളില്‍ പന്തം കൊളുത്തി പ്രകടനം

വൈദ്യുതി നിരക്ക് വര്‍ധന: സര്‍ക്കാരിന് ഷോക്ക് നല്‍കാന്‍ കോണ്‍ഗ്രസും യുഡിഎഫും; ജില്ല തലങ്ങളില്‍ പന്തം കൊളുത്തി പ്രകടനം

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച സര്‍ക്കാരിന്റെ ഇരുട്ടടിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് തെരുവിലിറങ്ങാനൊരുങ്ങി യുഡിഎഫും കോണ്‍ഗ്രസും. കേരളപ്പിറവി ദിനം മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ചാര്‍ജ് വര്‍ധന. പ്രതിഷേധ പ്രകടനവുമായി ഇന്ന് രംഗത്തിറങ്ങാനായിരുന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കെപിസിസി നല്‍കിയ നിര്‍ദേശം.

ഇന്ന് വൈകുന്നേരം ഡിസിസികളുടെ ആഭിമുഖ്യത്തില്‍ ജില്ലാ തലങ്ങളില്‍ പന്തം കൊളുത്തി പ്രകടനത്തോടെയാണ് പ്രതിഷേധ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. മണ്ഡലം, ബ്ലോക്ക് തലങ്ങളിലും ഇന്ന് പന്തം കൊളുത്തി പ്രകടനത്തിന് ആഹ്വാനമുണ്ട്. നവംബര്‍ ആറിന് രണ്ടുവീതം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരു നിയോജക മണ്ഡലത്തിലെ ഒരു വൈദ്യുതി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

എന്നാല്‍ പ്രതിഷേധം ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുമില്ല എന്നാണ് നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനെതിരെ ഡിസംബര്‍ ഒന്ന് മുതല്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ജനകീയ വിചാരണ, പരിപൂര്‍ണമായും ജനജീവിതം ദുസഹമാക്കുന്ന വിലക്കയറ്റത്തിനെതിരായ ജനകീയ സമരമുഖം തുറക്കുന്നതിനുള്ള അവസരമാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

ജനകീയ വിചാരണ മുന്‍ നിശ്ചയ പ്രകാരം ഡിസംബര്‍ ഒന്നിനാണ് ആരംഭിക്കുക. നിയോജക മണ്ഡലം തലത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. നിരക്ക് വര്‍ധന നിലവില്‍ വന്നു കഴിഞ്ഞ സാഹചര്യത്തില്‍ മണ്ഡലം, ജില്ല തലങ്ങളിലെ ജനകീയ വിചാരണ വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്കെതിരായ പ്രചാരണ വേദിയാക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തിനൊപ്പം കേരളത്തിലെ സര്‍ക്കാര്‍ വിരുദ്ധ ജനവികാരം ഉയര്‍ത്തിയെടുക്കുന്നതിനുള്ള അവസരമായി കൂടിയാണ് ഈ വിഷയത്തെ യുഡിഎഫ് സമീപിക്കുന്നത്. അതോടൊപ്പം ഏപ്രില്‍ മുതല്‍ വെള്ളക്കര വര്‍ധനയ്ക്ക് വീണ്ടും സര്‍ക്കാര്‍ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ യുഡിഎഫിന്റെ വിലക്കയറ്റത്തിനെതിരായ പ്രചാരണത്തിന് കൂടുതല്‍ ജനപിന്തുണ ലഭിക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.