കെപിസിസിയെ വെല്ലുവിളിച്ച് മലപ്പുറത്ത് എ ഗ്രൂപിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

കെപിസിസിയെ വെല്ലുവിളിച്ച് മലപ്പുറത്ത് എ ഗ്രൂപിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

മലപ്പുറം: കെപിസിസി നേതൃത്വത്തെ വെല്ലുവിളിച്ച് മലപ്പുറത്ത് എ ഗ്രൂപിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. ആര്യാടന്‍ ഫൗണ്ടേഷന്റെ പേരിലാണ് റാലി നടത്തിയത്.

മലപ്പുറം ടൗണ്‍ ഹാളിന് സമീപത്ത് നിന്ന് തുടങ്ങിയ റാലി കിഴക്കേത്തല ജങ്ഷന്‍ വരെയാണ് നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകം ഏര്‍പ്പെടുത്തിയ ബസുകളിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം ജില്ലയില്‍ രൂക്ഷമായ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് എ വിഭാഗം റാലി നടത്തിയത്. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തില്‍ എ വിഭാഗത്തെ വെട്ടിനിരത്തി എന്നായിരുന്നു പരാതി.

പാലസ്തീന്‍ ഐക്യാര്‍ഢ്യ റാലിയുടെ പേരില്‍ എ വിഭാഗത്തിന്റെ ശക്തി പ്രകടനമാണ് നടക്കാന്‍ പോകുന്നതെന്ന് വ്യക്തമായതോടെ കെപിസിസി നേതൃത്വം റാലിക്ക് വിലക്ക് ഏര്‍പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കെപിസിസിയുടെ നോട്ടീസ് റാലിയുടെ മുഖ്യ സംഘാടകനായ ആര്യാടന്‍ ഷൗക്കത്തിന് നല്‍കിയത്. റാലി അച്ചടക്ക ലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.

മലപ്പുറത്ത് ഒരു വിഭാഗം നടത്തുന്ന പരിപാടിക്ക് കെപിസിസിയുടെ വിലക്കുള്ളതാണെന്നും പാര്‍ട്ടിയുടെ ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഉള്ളവര്‍ പങ്കെടുത്താല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെ മുന്നറിയിപ്പുമുണ്ടായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.