കൊച്ചി: സിപിഎമ്മിലെ വിഭാഗീയതയില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ വെളിപ്പെടുത്തലുമായി മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ്. പാര്‍ട്ടിയിലെ വിഭാഗീയതയുടെ തുടക്കക്കാരന്‍ വി.എസ് അച്യുതാനന്ദനാണെന്നാണ് ലോറന്‍സ് തന്റെ ആത്മകഥയില്‍ വ്യക്തമാക്കുന്നത്.
വ്യക്തി പ്രഭാവം വര്‍ധിപ്പിക്കാന്‍ അച്യുതാനന്ദന്‍ പ്രത്യേകം സ്‌ക്വാഡ് പോലെ ആളുകളെ നിയോഗിച്ചെന്നും ആത്മകഥയില്‍ കുറ്റപ്പെടുത്തുന്നു. 'ഓര്‍മച്ചെപ്പ് തുറക്കുമ്പോള്‍' എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന എം.എം ലോറന്‍സിന്റെ ആത്മകഥ നാളെ പുറത്തിറങ്ങും.
സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസിന് എ.കെ.ജി സെന്ററിലെ ഇ.എം.എസിന്റെ സാന്നിധ്യം ഇഷ്ടമല്ലായിരുന്നെന്നും പുസ്തകത്തില്‍ ലോറന്‍സ് ആരോപിക്കുന്നുണ്ട്. സി.പി.എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട ഇത്തരം വെളിപ്പെടുത്തലുകളുള്ള എം.എം ലോറന്‍സിന്റെ ആത്മകഥ പുറത്തിറങ്ങും മുമ്പേ വലിയ വാര്‍ത്താ പ്രാധാന്യം നേടി.
സി.പി.ഐ, നക്‌സലൈറ്റ് ആശയ ഭിന്നിപ്പുകള്‍ക്ക് ശേഷമുള്ള പാര്‍ട്ടിയിലെ വിഭാഗീയത തുടങ്ങുന്നത് എറണാകുളത്താണെന്നും വിഭാഗീയതയ്ക്കായി അച്യുതാനന്ദന്‍ എ.പി.വര്‍ക്കിയെ ഉപയോഗിക്കുകയായിരുന്നുവെന്നും ലോറന്‍സ് പറയുന്നു. അതിനായി പാര്‍ട്ടിയില്‍ മറ്റു ചിലരെയും ഉപയോഗിച്ചതായും ആരോപണമുണ്ട്.
കോഴിക്കോട് സമ്മേളനത്തിന് ശേഷം തനിക്കെതിരെന്ന് തോന്നുന്നവരെ തിരഞ്ഞു പിടിച്ച് പ്രതികാരം ചെയ്യാന്‍ വി.എസ്. കരുക്കള്‍ നീക്കിയതായും ആത്മകഥയില്‍ പറയുന്നു. ആലപ്പുഴ, കൊല്ലം, പാലക്കാട് സമ്മേളനങ്ങളെക്കുറിച്ചും അതിനിടെ നടന്ന അസ്വാരസ്യങ്ങളെക്കുറിച്ചുമെല്ലാം ആത്മകഥയില്‍ പ്രതിപാദിക്കുന്നുണ്ട്.