തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് ആയിരുന്നു. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പില്‍ മലപ്പുറത്തും കോഴിക്കോടും കൂടി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കൊല്ലം, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണം. അതേസമയം കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല.
തെക്കന്‍ തമിഴ്‌നാട് തീരത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കാറ്റും ശക്തമാണ്. തെക്കന്‍ തമിഴ്‌നാടിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.