തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ അസമയത്ത് നടത്തുന്ന വെട്ടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍.
ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ച് കോടതി ഇടക്കാല ഉത്തരവ് ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്നും ശബ്ദ, പരിസ്ഥിതി മലിനീകരണത്തിന് വെടിക്കെട്ട് കാരണമാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ആരാധനാലയങ്ങളില്‍ നിയമ വിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നുകള്‍ ജില്ലാ പൊലീസ് കമ്മിഷണര്‍മാരുടെ സഹകരണത്തോടുകൂടി പിടിച്ചെടുക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, പൂര്‍ണ്ണമായും വെടിക്കെട്ട് ഇല്ലാതെ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടത്തുക പ്രയാസകരമാണ്. ക്ഷേത്രങ്ങളും ട്രസ്റ്റികളും നടത്തുന്ന സ്ഥാപനങ്ങളില്‍ അസമയത്ത് വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. ആ സമയക്രമം എന്താണെന്നോ മറ്റു വിവരങ്ങളോ കിട്ടിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് മന്ത്രി അറിയിച്ചു. കോടതി വിധിക്കെതിരെ എല്ലാ ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കാന്‍ പ്രാഥമികമായി തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.