മാർപാപ്പയുടെ നിരന്തരമായ പ്രാർത്ഥനകൾക്ക് നന്ദി; വിശു​ദ്ധ ഭൂമിയിൽ യുദ്ധഭീതിയിൽ കഴിയുന്ന കുട്ടികൾക്കായി പ്രാർത്ഥിക്കണം; ​ഗാസയിലെ കുട്ടികൾ

മാർപാപ്പയുടെ നിരന്തരമായ പ്രാർത്ഥനകൾക്ക് നന്ദി; വിശു​ദ്ധ ഭൂമിയിൽ യുദ്ധഭീതിയിൽ കഴിയുന്ന കുട്ടികൾക്കായി പ്രാർത്ഥിക്കണം; ​ഗാസയിലെ കുട്ടികൾ

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കാനൊരുങ്ങി 84 രാജ്യങ്ങളിൽ നിന്നുള്ള 7000 കുട്ടികൾ. ഭിന്നിപ്പും വിയോജിപ്പും സംഘർഷവും നിറഞ്ഞ ലോകത്തിലേക്ക് കുട്ടികൾ കൊണ്ടുവരുന്ന വിശുദ്ധിയും പ്രതീക്ഷയും സ്വപ്നങ്ങളും വീണ്ടും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനുമായി വത്തിക്കാൻ സംഘടിപ്പിച്ച "കുട്ടികളിൽ നിന്ന് പഠിക്കുക" എന്ന പരിപാടിയുടെ ഭാഗമാണ് തീർത്ഥാടനം.

ഒക്‌ടോബർ ഒന്നിന് ആഞ്ചലസ് പ്രാർത്ഥനയ്ക്കുശേഷം ഫ്രാൻസിസ് മാർപാപ്പയാണ് സംഗമം പ്രഖ്യാപിച്ചത്. ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള യുവ തീർഥാടകർ ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകളും ആശങ്കകളും മാർപ്പാപ്പയുമായി പങ്കുവെക്കും.

ഗാസയിലെ ഹോളി ഫാമിലി ഇടവകയിലെ കുട്ടികൾ സമാധാനത്തിനായി പ്രാർത്ഥിക്കുന്നുണ്ടെന്ന് ഇടവകയിൽ സേവനമനുഷ്ഠിക്കുന്ന പെറുവിയൻ സിസ്റ്റർ ഓഫ് ചാരിറ്റി ഓഫ് ദി ഇൻകാർനേറ്റ് വേഡ് മദർ മരിയ ഡെൽ പിലാർ ലെറേന വർഗാസ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലൂടെ കുട്ടികൾ ഫ്രാൻസിസ് മാർപാപ്പയുടെ നിരന്തരമായ പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞു. കൂടാതെ തിങ്കളാഴ്ച റോമിൽ ഒത്തുകൂടുന്ന കുട്ടികളോട് വിശുദ്ധ ഭൂമിയിലെ സംഘർഷത്തിൻ കീഴിൽ ജീവിക്കുന്ന കുട്ടികൾക്കായി പ്രാർത്ഥിക്കാനും ആവശ്യപ്പെട്ടു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഫ്രാൻസിസ് മാർപാപ്പ ഗാസയിലെ 1000 ഓളം വരുന്ന ക്രിസ്ത്യൻ സമൂഹത്തോട് തന്റെ അടുപ്പവും പ്രാർത്ഥനയും ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും ഗ്രീക്ക് ഓർത്തഡോക്സ് ആണ്. കഴിഞ്ഞ നാലാഴ്‌ചയ്‌ക്കുള്ളിൽ മാർപ്പാപ്പ വെസ്റ്റ്‌ബാങ്കിലെ ബെത്‌ലഹേമിൽ കുടുങ്ങിക്കിടക്കുന്ന ഹോളി ഫാമിലി ഇടവക വികാരി ഫാദർ ഗബ്രിയേൽ റൊമാനെല്ലിയുമായും ഫാദർ യൂസഫ് അസദുമായും കന്യാസ്ത്രീകളുമായും പതിവായി ഫോണിൽ സംസാരിക്കാറുണ്ട്. ഒക്‌ടോബർ 19 ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ട തൊട്ടടുത്ത സെന്റ് പോർഫിറിയോസ് ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിയിൽ നിന്നുള്ള 700 ഓളം കുടിയിറക്കപ്പെട്ട ആളുകൾക്ക് ഹോളി ഫാമിലി ഇടവക അഭയം നൽകുന്നുണ്ട്.

അതേ സമയം പ്രീസ്‌കൂൾ കുട്ടികൾ മുതൽ ഹൈസ്‌കൂൾ കുട്ടികൾ വരെ 400 ഓളം വിദ്യാർത്ഥികൾ ശനിയാഴ്ച രാവിലെ ജറുസലേമിലെ ടെറ സാങ്‌റ്റ ഹൈസ്‌കൂൾ അങ്കണത്തിൽ ഗാസയിലെ സമാധാനത്തിനും സമപ്രായക്കാരുടെ സുരക്ഷയ്ക്കും വേണ്ടി പ്രാർത്ഥിച്ചു. സമാധാനം ഉണ്ടാക്കാൻ യുദ്ധം ചെയ്യുന്നതിനേക്കാൾ ധൈര്യം ആവശ്യമാണെന്ന് ടെറ സാൻക്റ്റ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥി ലാറ അഭിപ്രായപ്പെട്ടു.

“ഇന്ന് രാവിലെ, ഞങ്ങളുടെ വിദ്യാർത്ഥികൾ ഗാസയിലുള്ളവർ മാത്രമല്ല, ജെനിനിലും ടെൽ അവീവിലും ഉള്ള എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിച്ചു. കാരണം പാലസ്തീനിയായാലും ഇസ്രായേലികളായാലും വിശുദ്ധ നാട്ടിലെ എല്ലാ കുട്ടികളും ഇപ്പോൾ കഷ്ടപ്പെടുകയാണെന്ന് കസ്റ്റഡി ഓഫ് ഹോളി ലാൻഡ് നിയന്ത്രിക്കുന്ന 19 കത്തോലിക്കാ സ്കൂളുകളുടെ ഡയറക്ടർ ഫാദർ ഇബ്രാഹിം ഫാൽറ്റാസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.