കേരളത്തിന്റെ ആഴക്കടലില്‍ ക്രൂഡോയില്‍-വാതക സാന്നിധ്യം; വീണ്ടും പര്യവേഷണത്തിനൊരുങ്ങി ഒഎന്‍ജിസി

 കേരളത്തിന്റെ ആഴക്കടലില്‍ ക്രൂഡോയില്‍-വാതക സാന്നിധ്യം; വീണ്ടും പര്യവേഷണത്തിനൊരുങ്ങി ഒഎന്‍ജിസി

കൊച്ചി: കേരളത്തിന്റെ ആഴക്കടലില്‍ ക്രൂഡോയില്‍-വാതക സാന്നിധ്യമുണ്ടെന്ന് കരുതുന്ന മേഖലകളില്‍ വീണ്ടും പര്യവേഷണം നടത്താനൊരുങ്ങി ഒഎന്‍ജിസി. കൊച്ചിയിലും കൊല്ലത്തും ഉള്‍പ്പെടെ സംസ്ഥാനത്ത് 19 ബ്ലോക്കുകളിലാണ് ക്രൂഡോയില്‍-വാതക സാന്നിധ്യം സംശയിക്കുന്നത്. ഇവിടങ്ങളിലാണ് പര്യവേഷണത്തിന് കളമൊരുങ്ങുന്നത്.

മുമ്പും ഈ ബ്ലോക്കുകളില്‍ പര്യവേഷണം നടന്നിരുന്നെങ്കിലും കൃത്യമായ ഫലം ലഭിച്ചിരുന്നില്ല. അടുത്തിടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയില്‍ ഇന്ത്യ കൊല്ലത്തെ എണ്ണക്കിണറില്‍ പര്യവേഷണം നടത്തിയിരുന്നു. ഇതും പൂര്‍ത്തിയാക്കിയില്ല. കൊല്ലം മേഖലയില്‍ പര്യവേഷണത്തിനുള്ള ടെന്‍ഡര്‍ നേടിയത് ഓയില്‍ ഇന്ത്യയാണ്. കൊടുങ്ങല്ലൂരിന് സമീപവും അസംസ്‌കൃത എണ്ണയുടെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പൊതുമേഖല എണ്ണക്കമ്പനിയായ ഒഎന്‍ജിസി ഇവിടെ നേരത്തെ നടത്തിയിരുന്ന പര്യവേഷണം അവസാനിപ്പിക്കുകയായിരുന്നു.

കേരള-കൊങ്കണ്‍ മേഖലയില്‍ ക്രൂഡോയില്‍-വാതക പര്യവേഷണത്തിനുള്ള ലേലത്തില്‍ പങ്കാളിയാകുമെന്ന് ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിരുന്നു. പര്യവേഷണ ദൗത്യങ്ങള്‍ നടപ്പിലാക്കുന്നതിന് രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. രണ്ട് കിലോമീറ്റര്‍ വരെ ആഴത്തിലാകും പര്യവേഷണം നടക്കുക. ആഴക്കടലില്‍ പ്രത്യേക പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിച്ചാകും പര്യവേഷണം.

ക്രൂഡോയില്‍-വാതക സാന്നിധ്യം ഉറപ്പിക്കാനാകുമോ എന്നത് സംബന്ധിച്ച പര്യവേഷണ നടപടികള്‍ ആദ്യ ഘട്ടത്തില്‍ നടക്കും. കന്യാകുമാരി മേഖലകളിലും ഗള്‍ഫ് ഓഫ് മാന്നാറിലും ഒഎന്‍ജിസിയുടെ പര്യവേഷണം വൈകാതെ ആരംഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.