ഗാസ സിറ്റി: ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണ് ഇന്നലെ നടത്തിയത്. ഗാസയെ വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസ സിറ്റിയെ സൈന്യം പൂര്‍ണമായും വളഞ്ഞെന്നും ഇസ്രയേല്‍ സൈനിക മേധാവി പറഞ്ഞു.
ടെലിഫോണ്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ മൂന്നാം തവണയും നിലച്ചു. യുദ്ധത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 9770 ആയി ഉയര്‍ന്നു. സാധാരണക്കാരുടെ മരണസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ലോക രാജ്യങ്ങള്‍ സമ്മര്‍ദ്ദം തുടരുകയാണ്.
എന്നാല്‍ ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. വിജയം നേടുന്നതു വരെ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
അതേസമയം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിന്നാലെ സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സും ഇസ്രയേലിലെത്തി. പശ്ചിമേഷ്യന്‍ സന്ദര്‍ശനം തുടരുന്ന ബ്ലിങ്കന്‍ ഇന്ന് തുര്‍ക്കി നേതൃത്വവുമായി ചര്‍ച്ച നടത്തും.
അതിനിടെ ലബനോണില്‍ ഇന്നലെ ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വേണ്ടി വന്നാല്‍ ലബനോണെതിരെയും യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നും അതിന് ഒരുങ്ങിയിട്ടുണ്ടെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.