തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
എറണാകുളം, പാലക്കാട് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പായ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 11 വരെ മഴ തുടരാനാണ് സാധ്യത.
തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഒന്നു മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതിനിടെ ഇടുക്കിയില്‍ തുടരുന്ന ശക്തമായ മഴയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. ശാന്തന്‍പാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലുമാണ് ഉരുള്‍പൊട്ടിയത്. പൂപ്പാറയിലും കുമളി മൂന്നാര്‍ - റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. രാത്രി മുതല്‍ അതിശക്തമായ മഴയാണ് പെയ്തത്.
നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. പേത്തൊട്ടിയില്‍ പ്രധാന റോഡിലേക്കാണ് ഉരുള്‍പൊട്ടിയെത്തിയത്. രണ്ട് വീടുകള്‍ സമീപമുണ്ടായിരുന്നെങ്കിലും വെള്ളം മാറിയൊഴുകിയതിനാല്‍ വന്‍ അപകടം ഒഴിവായി.