കുമളി: ഉടുമ്പന്‍ചോല താലൂക്കിലെ ശാന്തന്‍പാറ, ചതുരംഗപ്പാറ വില്ലേജുകളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുകളിലും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതിനാല്‍ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉത്തരവ് പുറത്തിറക്കി.
ഈ സാഹചര്യത്തില്‍ മൂന്നാര്‍ - കുമളി സംസ്ഥാന പാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ആറ് വരെ ഇന്ന് മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനം.
നിരോധന കാലയളവില്‍ യാത്രക്കാര്‍ക്ക് ഇതിന് സമാന്തരമായ മറ്റ് പാതകള്‍ ഉപയോഗിക്കാം. ഈ ഭാഗത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രികാല യാത്ര നിയന്ത്രിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.