കോഴിക്കോട്: ആര്യാടന്‍ ഷൗക്കത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് പാലസ്തീന്‍ വിഷയത്തിലല്ലെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണന്നും കെ. മുരളീധരന്‍ എംപി.
ആര്യാടന്‍ ഷൗക്കത്തിന് കൈപ്പത്തി വിട്ട് ഓട്ടോയിലും ചെണ്ടയിലും പോകണ്ട ആവശ്യമില്ല. എ.കെ ബാലന്‍ സൈക്കിള്‍ മുട്ടിയ കേസ് വദിച്ചാലും പ്രതിക്ക് ജഡ്ജി വധശിക്ഷ വിധിയ്ക്കും. അതു പോലെയാണ് പാര്‍ട്ടിയ്ക്കുവേണ്ടിയുള്ള അദേഹത്തിന്റെ ഇടപെടല്‍ എന്നും മുരളീധരന്‍ പരിഹസിച്ചു.
സിപിഎം പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുന്നത് കുത്തിതിരിപ്പുണ്ടാക്കാനും ഭരണ പരാജയം മറച്ചുവെക്കാനുണ്. ലീഗിന്റെ മനസും ശരീരവും ഒരിടത്ത് തന്നെയാണ്. അത് അളക്കാന്‍ പോകണ്ട. തരം താണ രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്.
പലസ്തീന്‍ വിഷയത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സര്‍വ്വകക്ഷി പ്രമേയം പാസാക്കണം.നിയമസഭയില്‍ അതിന് തയ്യാറാകണം. അല്ലാതെ ഇളകി നില്‍ക്കുന്നവരെ അടര്‍ത്തി എടുക്കാനുള്ളതാവരുത് ശ്രമം. സിപിഎമ്മിലും ഇളകി നില്‍ക്കുന്നവരുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
സിപിഎം റാലിയില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിന് കാരണം കോണ്‍ഗ്രസിന്റെ എതിര്‍പ്പാണെന്ന് ലീഗ് എവിടെയും പറഞ്ഞിട്ടില്ല. പാലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും അഭിപ്രായ വ്യത്യാസം ഇല്ല. യാഥാര്‍ത്ഥ്യം മറച്ചുവെച്ച് നുണപ്രചരണം നടത്തി നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമം. സര്‍ക്കാര്‍ പാലസ്തീന്‍ വിഷയത്തില്‍ യോഗം വിളിച്ചാല്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്തിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ ബാലന്‍ രംഗത്തെത്തിയിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെതിരെ കോണ്‍ഗ്രസിന് ഒരു നടപടിയും എടുക്കാനാകില്ല. പാലസ്തീന്‍ വിഷയത്തില്‍ നടപടി നേരിട്ടാല്‍ ഷൗക്കത്ത് ഒറ്റപ്പെടേണ്ടി വരില്ലെന്നും സിപിഎം പൂര്‍ണ സംരക്ഷണം നല്‍കുമെന്നും എ.കെ ബാലന്‍ പറഞ്ഞു.