അസമയത്തെ വെടിക്കെട്ട് നിരോധനം; ഉത്തരവില്‍ വ്യക്തതയില്ല, റദ്ദാക്കണം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അസമയത്തെ വെടിക്കെട്ട് നിരോധനം; ഉത്തരവില്‍ വ്യക്തതയില്ല, റദ്ദാക്കണം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: അസമയത്ത് വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അസമയം ഏതെന്ന് കോടതി ഉത്തരവില്‍ വ്യക്തമല്ല. വ്യക്തികള്‍ ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിള്‍ ബെഞ്ച് പരിശോധിച്ചതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ഏതെങ്കിലും ആരാധനാലയത്തില്‍ വെടിക്കോപ്പ് അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല. ഹര്‍ജിയിലും അത്തരം പരാതിയില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നല്‍കി 2005 ല്‍ സുപ്രീംകോടതി ഇളവ് നല്‍കിയിട്ടുണ്ട്.

2006 ല്‍ ഇതില്‍ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട്. തൃശൂര്‍ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ഹര്‍ജിയിലെ ആവശ്യങ്ങളേക്കാള്‍ കേരളത്തിലാകമാനം ബാധകമാകുന്ന ഉത്തരവിടാന്‍ കോടതിക്ക് കഴിയില്ല. നിയമപരമല്ലാത്ത ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റിസ് തുടങ്ങിയ ബഞ്ച് നാളെ അപ്പീല്‍ പരിഗണിക്കും.

അസമയത്തെ വെടിക്കെട്ട് നിരോധനത്തില്‍ അപ്പീല്‍ നല്‍കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തീരുമാനിച്ചു. വെടിക്കെട്ട് ക്ഷേത്രാചാരങ്ങളുടെ ഭാഗമാണെന്നും വെടിക്കെട്ട് ഒഴിവാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി സിങ്കിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കും. ഇന്ന് ചേര്‍ന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.