ആരാധനാലയങ്ങളിലെ വെടിക്കെട്ട്;അസമയം രാത്രി 10 മുതല്‍ രാവിലെ ആറ് വരെ: വ്യക്തത വരുത്തി ഹൈക്കോടതി

ആരാധനാലയങ്ങളിലെ വെടിക്കെട്ട്;അസമയം രാത്രി 10 മുതല്‍ രാവിലെ ആറ് വരെ: വ്യക്തത വരുത്തി ഹൈക്കോടതി

കൊച്ചി: ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭാഗികമായി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് പരിഗണിച്ചത്.

ആരാധനാലയങ്ങളില്‍ അസമയത്ത് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവില്‍ വ്യക്തത വരുത്തിയ ഡിവിഷന്‍ ബെഞ്ച് രാത്രി 10 മുതല്‍ രാവിലെ ആറ് വരെയുള്ള സമയത്ത് നിരോധനം സുപ്രീം കോടതി ഏര്‍പ്പെടുത്തിയിട്ടുള്ളത് ചൂണ്ടിക്കാട്ടി. എന്നാല്‍ തൃശൂര്‍ പൂരത്തിന് വെട്ടിക്കെട്ട് നടത്താമെന്നുള്ള സുപ്രീം കോടതിയുടെ പ്രത്യേക വിധിയും കോടതി ചൂണ്ടിക്കാട്ടി.

ഈ നിരോധനം നിലനില്‍ക്കുമെന്നും എന്നാല്‍ ഓരോ ആരാധനാലയങ്ങളുടെയും സാഹചര്യം പരിഗണിച്ച് സര്‍ക്കാരിന് വെടിക്കെട്ടിന് അനുമതി നല്‍കാമെന്നും ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കൂടാതെ എല്ലാ ജില്ലകളിലും ആരാധനാലയങ്ങളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങള്‍ പിടിച്ചെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശവും റദ്ദാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.