കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും പ്രതികള്‍ക്ക് കോടികളുടെ പിഴച്ചുമത്തി കസ്റ്റംസ് പ്രിവെന്റ് വിഭാഗം. സ്വപ്ന സുരേഷിന് സ്വര്‍ണക്കടത്തില്‍ ആറ് കോടിയും ഡോളര്‍ കടത്തില്‍ 65 ലക്ഷവുമാണ് പിഴ.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് രണ്ട് കേസുകളിലായി ഒരു കോടി 15 ലക്ഷവും പിഴ ചുമത്തിയെന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം എം. ശിവശങ്കരനടക്കമുള്ള പ്രതികളുടെ അറിവോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോളര്‍ കടത്ത് കേസിസില്‍ യൂണിറ്റാക്ക് എം.ഡി സന്തോഷ് ഈപ്പന് ഒരു കോടിയും യുഎഇ കോണ്‍സല്‍ ജനറല്‍ ധനകാര്യ വിഭാഗം തലവന്‍ ഖാലിദ് 1.30 കോടി പിഴ ഒടുക്കണം. തിരുവനന്തപുരം വിമാനത്താവളം വഴി ഖാലിദ് വന്‍തോതില്‍ വിദേശ കറന്‍സി നിയമ വിരുദ്ധമായി കടത്തിയെന്നും കസ്റ്റംസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലുണ്ട്.
കോണ്‍സുലേറ്റിന്റെ മുന്‍ സാമ്പത്തിക വിഭാഗം മേധാവിയാണ് ഖാലിദ്. ഖാലിദ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെന്ന് കസ്റ്റംസ് പറയുന്നുണ്ട്. ഖാലിദിനെ കേള്‍ക്കാതെയാണ് പിഴ ചുമത്തിയത്. എം. ശിവശങ്കറിന് ഖാലിദുമായി അടുത്ത ബന്ധമുണ്ട്.
യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാ പ്രതികള്‍ക്കും അറിയാമായിരുന്നു എന്നും കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പിഴ ചുമത്തിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതികള്‍ പ്രതികരിച്ചു.