തിരുവനന്തപുരം: ക്വലാലംപൂരിലേക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് മലേഷ്യ എയര്‍ലൈന്‍സിന്റെ പുതിയ വിമാന സര്‍വീസ് ഈ മാസം ഒന്‍പതിന് തുടക്കമാവും. ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 174 സീറ്റുകള്‍ ഉള്ള ബോയിങ് 737-800 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.
തുടക്കത്തില്‍ ഞായര്‍, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വീസ്. രാത്രി 11 ന് എത്തുന്ന വിമാനം അര്‍ധരാത്രി 12 ന് തിരിച്ച് പോകും. മലേഷ്യ എയര്‍ലൈന്‍സ് ഇതാദ്യമായാണ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലണ്ട്, നോര്‍ത്ത് അമേരിക്ക, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്റ്റിവിറ്റി സൗകര്യവുമുണ്ട്.
ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രാ സൗകര്യം വേണമെന്നത് ഐടി കമ്പനികള്‍ ഉള്‍പ്പെടെ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു. കേരളത്തിലെ ട്രാവല്‍, ടൂറിസം മേഖലകള്‍ക്കും ഈ സര്‍വീസ് ഉണര്‍വ്വേകുമെന്നാണ് പ്രതീക്ഷ.
ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മലേഷ്യയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ സര്‍വീസ് പ്രയോജനപ്പെടും.