കൊച്ചി: ഇതര മതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ കമ്പി വടികൊണ്ട് മര്‍ദ്ദിച്ച ശേഷം പിതാവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച ഒമ്പതാം ക്ലാസുകാരി മരിച്ചു. ആലുവ കരുമാലൂര്‍ സ്വദേശിയായ പതിനാലുകാരിയാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.
വിലക്കിയിട്ടും സഹപാഠിയുമായുള്ള പ്രണയം തുടര്‍ന്നതിനാണ് പെണ്‍കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും വായില്‍ വിഷം ഒഴിക്കുകയും ചെയ്തത്. കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സഹപാഠിയുമായുള്ള മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് ഒരു മാസം മുന്‍പ് ഇരുവരെയും വിലക്കിയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കൈയില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായി.
കുട്ടിയുടെ മാതാവിനെയും സഹോദരനെയും വീടിനു പുറത്താക്കിയ ശേഷം പിതാവ് പെണ്‍കുട്ടിയെ മര്‍ദിച്ചു. ഇതിനുശേഷം പിതാവ് പുറത്തേക്കു പോയി. മാതാവ് അകത്തുകയറി നോക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ വിഷം ചെന്ന നിലയിലായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മര്‍ദിച്ച ശേഷം പിതാവ് തന്റെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിരുന്ന മൊഴി. തുടര്‍ന്ന് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവ് പോലീസിനോടു പറഞ്ഞത്.