കൊച്ചി: വിനോദ യാത്രയ്ക്ക് പോകാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ കൊച്ചിയില്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവര്‍ണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ ബസുകളാണ് എംവിഡി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വിദ്യാര്‍ഥികളുമായി ഊട്ടിയിലേക്ക് വിനോദ യാത്ര പോകുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു നടപടി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഊട്ടിയിലേക്ക് വിനോദ യാത്രക്ക് പുറപ്പെടുന്നതിന് മുന്‍പ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കിയില്ലെന്ന കാരണത്താലാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്.
കൂടാതെ ബസിന്റെ ഫിറ്റ്‌നസ് രേഖകള്‍ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനല്‍കുകയുള്ളു എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിശോധന നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. പരിശോധന നടക്കുമ്പോള്‍ നാല് ബസുകളിലായി ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു.