തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ ജയില്‍ മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് തവനൂരിലേക്കാണ് സുനിയെ മാറ്റിയത്. ജയിലില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും വിയ്യൂര്‍ ജയിലിലെ ജീവനക്കാരുമായുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയ ശേഷമാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ജയില്‍ ഓഫീസില്‍ എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. കൊടി സുനിയെ കൂടാതെ കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, നിബുരാജ് തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള തടവുകാരാണ് ജയില്‍ ജീവനക്കാരെ ആക്രമിച്ചത്. കമ്പിവടി അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നാല് ജയില്‍ ജീവനക്കാര്‍ക്കും ഒരു തടവുകാരനും പരിക്കേറ്റിരുന്നു.