മാനന്തവാടി: വൈദ്യുതി നിരക്ക് വർദ്ധനവിനും, പാചകവാതക വില വർദ്ധനവിനും എതിരായി പ്രതിഷേധാത്തിന് ആഹ്വാനം ചെയ്ത് കെസിവൈഎം മാനന്തവാടി രൂപത. ഇത് ഇരുട്ടടിയല്ല ഇരട്ടയടിയെന്ന് രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ പറഞ്ഞു.
പ്രതിഷേധങ്ങളും സമരങ്ങളും തുടർകഥയാകുമ്പോഴും ജനാധിപത്യ രാജ്യത്തിൽ ഭരണാധിപർ രാജാക്കളായി വിലസുന്നു. ഇനിയും എത്ര നാൾ ഈ അനീതിക്കെതിരെ മൗനം പാലിക്കാൻ കഴിയുമെന്ന ചോദ്യം മുന്നോട്ട് വയ്ക്കുകയാണ് കെസിവൈഎം മാനന്തവാടി രൂപതാ നേതൃത്വം. ചോദ്യങ്ങൾ ഉയരണം, ചൂണ്ടുവിരലിൽ പുരുളുന്ന മഷിയുടെ അധികാരം ബോധ്യമാക്കണമെന്നും കെസിവൈഎം വ്യക്തമാക്കി.
സാധാരണ ജനങ്ങളുടെ മേൽ ഇരട്ടി പ്രഹരം ഏൽപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിലും കേന്ദ്ര സർക്കാരിന്റെ പാചക വാതക വില വർദ്ധനവിലും പ്രതിഷേധിച്ചു കൊണ്ട്, കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ 2023 നവംബർ 11 ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് മണ്ണെണ്ണ വിളക്ക് കയ്യിലേന്തി, ഗ്യാസ് സിലിണ്ടറും ചുമന്ന് മാനന്തവാടി രൂപതയിലെ യുവജനങ്ങൾ തെരുവിലിറങ്ങുന്നു.
മാനന്തവാടി കെ.എസ്.ഇ.ബി. ഓഫിസ് പരിസരത്തേക്ക് നടത്തപ്പെടുന്ന "ഇരുട്ടടിയല്ല ഇരട്ടയടി" പ്രതിഷേധ പ്രകടനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് രൂപത നേതൃത്വം അറിയിച്ചു.