തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും കോടികള്‍ ഉണ്ട്. എന്നാല്‍ പെന്‍ഷനും റേഷനും ശമ്പളത്തിനും പണമില്ലെന്ന് ഗവര്‍ണര്‍ പരിഹസിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചതായി ഗവര്‍ണര്‍ പറഞ്ഞു.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നാല് മാസം കുടിശിഖയുള്ളതില്‍ ഒരു മാസത്തേത് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍, ശമ്പള പരിഷ്‌കരണ കുടിശിഖ എന്നിവ നല്‍കിയിട്ടില്ല. പുതിയ സര്‍ക്കാര്‍ വന്ന ശേഷമുള്ള ക്ഷാമബത്തയും കുടിശിഖയാണ്.
താന്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് തെളിവ് തരൂ എന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. താന്‍ സംസ്ഥാനത്തെ ഇകഴ്ത്തുന്നു എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ആരോപണം മാത്രമാണ്.
ഇത്തരം രാഷ്ട്രീയ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കഴിഞ്ഞ ദിവസവും സര്‍ക്കാരിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പണം അനാവശ്യമായി പാഴാക്കുകയാണെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സ്വിമ്മിങ് പൂള്‍ നിര്‍മ്മിക്കുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.