'ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ, എന്റെ ജീവിതവും'... ആത്മഹത്യ ചെയ്ത നെല്‍ കര്‍ഷകന്റെ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഫോണ്‍ സംഭാഷണം

'ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ, എന്റെ ജീവിതവും'...  ആത്മഹത്യ ചെയ്ത നെല്‍ കര്‍ഷകന്റെ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഫോണ്‍ സംഭാഷണം

ആലപ്പുഴ: കൃഷി ചെയ്യുന്നതിന് വായ്പ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നെല്‍ കര്‍ഷകന്‍ കെ.ജി പ്രസാദ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. താന്‍ പരാജയപ്പെട്ടുപോയ കര്‍ഷകനാണെന്ന് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന ഓഡിയോയാണ് പുറത്തു വന്നത്.

സര്‍ക്കാരിന് നെല്ല് കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആര്‍എസ് കുടിശിഖയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചെന്നും പ്രസാദ് ഈ ഓഡിയോയില്‍ പറയുന്നുണ്ട്. ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റാണ് പ്രസാദ്. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലാണ് പ്രസാദ് താമസിക്കുന്നത്.

20 വര്‍ഷം മുമ്പ് മദ്യപാനം നിര്‍ത്തിയ ആളാണെന്നും ഇപ്പോള്‍ വീണ്ടും മദ്യപാനം തുടങ്ങിയെന്നും പ്രസാദ് പറയുന്നു. തനിക്കു വേണ്ടി ഫൈറ്റ് ചെയ്യണമെന്നും പരാജയപ്പെട്ടുപോയെന്നും പറയുന്നുണ്ട്.

'എനിക്ക് നില്‍ക്കാന്‍ മാര്‍ഗമില്ല. ഞാന്‍ കൃഷി ചെയ്ത നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര് എനിക്ക് കാശ് തന്നില്ല. ഞാനിപ്പോള്‍ കടക്കാരനാണ്. ഞാന്‍ മൂന്നേക്കര്‍ ഇപ്പോള്‍ കൃഷിയിറക്കിയിട്ടുണ്ട്. അതിന് വളമിടാനുമൊന്നും കാശില്ല. ഞാന്‍ ലോണിനു വേണ്ടി അപേക്ഷിച്ചപ്പോള്‍ അവര് പറയുന്നത് പിആര്‍എസ് കുടിശികയുള്ളതുകൊണ്ട് ലോണ്‍ തരില്ലന്നാണ്. എന്തു പറയാനാ..ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ടുപോയി.'.. തുടങ്ങിയ കാര്യങ്ങളാണ് ഫോണില്‍ സംസാരിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.