കൊച്ചി: ഐക്യദാർഢ്യം സിന്ദാബാദ് എന്ന തലക്കെട്ടോടെയുള്ള സി ന്യൂസ് ലൈവ് ചീഫ് എഡിറ്റർ ജോ കാവാലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. സമൂഹ മന:സാക്ഷിയെ ഒന്നടങ്കം ഇരുത്തി ചിന്തിപ്പിക്കുന്ന ചില ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
കടം കേറി ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കേരളത്തിലെ കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നിങ്ങൾക്ക് ഒരു നല്ല മനസ്സുണ്ടോ?
തൊഴിൽ ഇല്ലായ്മയുടെ രൂക്ഷതയിൽ വെന്ത് നീറി തൊഴിൽ തേടി വിദേശ കുത്തക മുതലാളി രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ കുടിയേറുന്ന കേരളത്തിലെ യുവജനങ്ങൾക്ക് വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചൊരു റാലി നടത്താൻ നിങ്ങൾക്ക് സമയമുണ്ടോ?
ജീവിത സായാഹ്നത്തിൽ രോഗത്തിലും നിരാശയിലും കഴിയുന്ന, ഒരു നേരത്തെ ഭക്ഷണത്തിനോ മരുന്നിനോ പോലും കൈയ്യിൽ കാശില്ലാത്ത കേരളത്തിലെ വൃദ്ധജനങ്ങളുടെ കണ്ണീരിനൊപ്പം ഒരിറ്റ് കണ്ണീർ ഉതിർക്കാൻ നിങ്ങൾക്കൊരു ഹൃദയമുണ്ടോ?
ജോലി ചെയ്തിട്ടും കൂലി കിട്ടാതെ അധികാരികളുടെ മുൻപിൽ ഭിക്ഷ യാചിക്കുന്ന തൊഴിലുറപ്പുകാർക്ക് വേണ്ടി ഒരു ഐക്യദാർഢ്യ റാലി നടത്താൻ നിങ്ങൾക്ക് ചങ്കുറപ്പുണ്ടോ?
ഒരു പുരുഷായുസ്സ് മുഴുവൻ സർക്കാരിന് വേണ്ടി ജോലി ചെയ്ത് ജീവിതാവസാനത്തിൽ തങ്ങളുടെ പെൻഷന് വേണ്ടി സർക്കാരിന്റെ മുൻപിൽ കൈ നീട്ടുന്ന പാവങ്ങൾക്ക് വേണ്ടി ഒരു ഐക്യദാർഢ്യ സെമിനാർ നടത്താൻ ധൈര്യമുണ്ടോ?
കുത്തകകളുടെ കടന്ന് കയറ്റത്തോടെ കണ്ണീരും കടവുമായി തകർച്ചയിലേക്ക് പോകുന്ന ചെറുകിട ഇടത്തരം കച്ചവടക്കാർക്കൊപ്പം നിന്ന് ഒരു മുദ്രാവാക്യം വിളിക്കാൻ ആരെങ്കിലുമുണ്ടോ ഇവിടെ?