മൂന്നിലവ്: മൂന്നിലവ് മേച്ചാലിനു സമീപമുള്ള ബെഡ് ഫാക്ടറിയില്‍ ഉണ്ടായ വന്‍ അഗ്‌നിബാധയില്‍ വന്‍ നാശനഷ്ടം. ബെഡ് നിര്‍മാണത്തിനുള്ള ലാറ്റെക്‌സുമായി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും റബറുമടക്കം കത്തിനശിച്ചു. നാശനഷ്ടത്തിന്റെ വ്യക്തമായ കണക്ക് എടുത്തിട്ടില്ല.
അഗ്‌നിശമന സേനയുടെ ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി യൂണിറ്റുകള്‍ തീയണയ്ക്കുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണ്. അതേ സമയം, പാലം തകര്‍ന്നു കിടക്കുന്നതിനാല്‍ സംഭവ സ്ഥലത്തേക്ക് വലിയ വാഹനം എത്തിച്ചേരാനായിട്ടില്ല.
രണ്ടു വര്‍ഷം മുന്‍പിലെ മഴയില്‍ തകര്‍ന്ന പാലം ഇതുവരെ പുതുക്കി പണിതിട്ടില്ല. ഇതാണ് വലിയ വെല്ലുവിളി. മറ്റു വഴികളിലൂടെ സ്ഥലത്തേക്ക് എത്താനുള്ള ശ്രമത്തിലാണ് അഗ്‌നിശമന സേനാ യൂണിറ്റുകള്‍.
ആറ്റില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്തും നാട്ടുകാരുടെ നേതൃത്വത്തില്‍ തീയണയ്ക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ തുടരുന്നു. ഇന്നു വൈകുന്നേരം ഏഴരയ്ക്കു ശേഷമാണ് തീപിടുത്തം ഉണ്ടായത്.
അതിഥി തൊഴിലാളികള്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് സൂചന. അഗ്നിബാധയുടെ യഥാര്‍ഥ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.