കളമശേരി സ്ഫോടനം: മാര്‍ട്ടിന്‍ ചെറു സ്ഫോടനങ്ങള്‍ പരീക്ഷിച്ചു; ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ഇന്റര്‍നെറ്റ് വഴി

കളമശേരി സ്ഫോടനം: മാര്‍ട്ടിന്‍ ചെറു സ്ഫോടനങ്ങള്‍ പരീക്ഷിച്ചു; ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ഇന്റര്‍നെറ്റ് വഴി

കൊച്ചി: കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ മുമ്പ് പരീക്ഷണ സ്‌ഫോടനങ്ങള്‍ നടത്തിയതായി അന്വേഷണ സംഘം. ഇന്റര്‍നെറ്റ് വഴിയാണ് ബോംബ് ഉണ്ടാക്കാന്‍ പഠിച്ചതെന്ന് മാര്‍ട്ടിന്‍ മൊഴി നല്‍കിയതായും അന്വേഷണ സംഘം വ്യക്തമാക്കി.

പരീക്ഷണ സ്‌ഫോടനം നടത്താന്‍ ഐഇഡി ആണ് തിരഞ്ഞെടുത്തത്. ഇവയുടെ പ്രവര്‍ത്തനം അറിയാന്‍ പലയിടങ്ങളിലായി ശേഷി കുറഞ്ഞ ചെറു സ്‌ഫോടനങ്ങള്‍ പരീക്ഷിച്ചിരുന്നതായാണ് പ്രതി തന്നെ വ്യക്തമാക്കിയത്.

തുടര്‍ന്നാണ് ആളപായം ഉണ്ടാക്കുംവിധം ബോംബുകള്‍ നിര്‍മിച്ച് കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചതെന്നും പ്രതി മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു.

ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ പ്രതിയുടെ അത്താണിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൊടകര പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന പ്രതിയുടെ സ്‌കൂട്ടറില്‍ നിന്ന് സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച റിമോട്ടുകളും ലഭിച്ചു. ബോംബ് നിര്‍മിക്കാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയ പാലാരിവട്ടത്തെ കടകളിലും പെട്രോള്‍ വാങ്ങിയ പമ്പുകളിലും തെളിവെടുക്കും.

അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാന്നും ഡൊമിനിക്കിന്റെ വിദേശ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച് വരുകയാണെന്നുമാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.