'തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല'; വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

 'തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല'; വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: കേരളത്തിലെ കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. കേരളത്തിലെ കര്‍ഷകര്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും അരി തമിഴ്‌നാട്ടില്‍ നിന്ന് വരുമെന്നുമായിരുന്നു സജി ചെറിയാന്‍ പരാമര്‍ശം. കൃഷി മന്ത്രി പി. പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിയിലായിരുന്നു സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്.

തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല. കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ട്. അതിനോട് സഹകരിക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. മാന്നാര്‍ ചെന്നിത്തല പഞ്ചായത്തില്‍ ബണ്ട് റോഡിന്റെയും പാട ശേഖരങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇരുമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കില്‍ ഇനി കൃഷി ചെയ്യില്ലെന്ന് അവിടെയുള്ള കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി നല്‍കവെ ആയിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.

അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിവിധ കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. ഒരു മന്ത്രി ഒരിക്കലും നടത്താന്‍ പാടില്ലാത്ത പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന ആവശ്യവും കര്‍ഷക സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ആലപ്പുഴയില്‍ കര്‍ഷകന്‍ കട ബാധ്യതയുടെ പേരില്‍ ആത്മഹത്യ ചെയ്ത സംഭവം ചര്‍ച്ചയാകുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

ഇതാദ്യമായല്ല സജി ചെറിയാന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. നേരത്തെ ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സജി ചെറിയാന്റെ മന്ത്രി സ്ഥാനം തന്നെ തെറിച്ചിരുന്നു. അടുത്തിടെയാണ് അദേഹം വീണ്ടും മന്ത്രി കസേരയില്‍ എത്തിയത്. ഇന്ത്യന്‍ ഭരണഘടന ജനങ്ങളെ കൊള്ളയടിക്കാന്‍ മനോഹരമായി എഴുതിവച്ചിട്ടുള്ള സാധനമാണെന്നും അതിന്റെ സൈഡില്‍ മതേതരത്വം ജനാധിപത്യം, കുന്തം, കൊടച്ചക്രം എന്നെല്ലാം എഴുതിവച്ചിട്ടുണ്ടെന്നും ബ്രിട്ടീഷുകാര്‍ എഴുതിവച്ചത് അതേപോലെ പകര്‍ത്തി വച്ചതാണെന്നും പ്രസംഗിച്ചാണ് മന്ത്രി അന്ന് പുലിവാല് പിടിച്ചത്.

ഒന്നര മണിക്കൂറായിരുന്നു സജി ചെറിയാന്റെ പ്രസംഗം. അത് ഒരു ഓണ്‍ലൈന്‍ മാധ്യമം സമ്പൂര്‍ണമായി നല്‍കി. അതില്‍ നിശിതമായ ഭരണകൂട വിമര്‍ശനമാണ് സജി ചെറിയാന്‍ നടത്തിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. അവസാനത്തെ ഏതാനും ഭാഗങ്ങളിലാണ് മന്ത്രിയ്ക്ക് നാക്കുപിഴച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.