കണ്ണൂര്‍: വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം ആസ്പദമാക്കി ഷെയ്സണ്‍. പി. ഔസേപ്പ് സംവിധാനം ചെയ്ത 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്' എന്ന ചലചിത്രം എല്ലാവരും കാണണമെന്ന് സീറോ മലബാര്‍ സഭ തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ആഹ്വാനം ചെയ്തു.
സിനിമകളിലൂടെയും മറ്റ് കലാരൂപങ്ങളിലൂടെയും കത്തോലിക്കാ പൗരോഹിത്യത്തെയും സന്യാസത്തെയും അവഹേളിക്കുന്നതും താറടിച്ച് കാണിക്കുന്നതും പതിവായ കാലത്താണ് സന്യാസ ജീവിതത്തിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്ന 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്' തീയേറ്ററുകളില്‍ എത്തുന്നത്. കണ്‍പോളകള്‍ നനയാതെ ഈ സിനിമ കണ്ടുതീര്‍ക്കാനാവില്ലെന്നും ബിഷപ് പറഞ്ഞു.
ഈ മാസം 17 നാണ് കേരളത്തിലെ തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുക. അനധികൃതരായ മനുഷ്യരുടെ ഉന്നമനത്തിനുവേണ്ടി ജീവിച്ചതിന്റെ പേരില്‍ ഇന്‍ഡോറില്‍ രക്തസാക്ഷിത്വം വരിച്ച ധീരയായ സന്യാസിനിയാണ് റാണി മരിയ. ഈ മഹനീയ ജീവിതത്തിന്റെ അവതരണത്തില്‍ അല്‍പം പോലും കുറവുവരാതെയും ഒട്ടും അതിഭാവുകത്വം ഇല്ലാതെയും അവതരിപ്പിക്കുവാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
പേരാവൂര്‍ സ്വദേശിയായ രഞ്ജന്‍ ഏബ്രാഹമാണ് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.