ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുക ഉയർന്ന ഉത്തരവാദിത്തബോധം നിലനിർത്തുക:
അമേരിക്കൻ ജനങ്ങളോട് ഫ്രാൻസിസ് മാർപാപ്പ
അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങളെ സ്നേഹത്തോടെ അഭിവാദനം ചെയ്തുകൊണ്ട് സംസാരിച്ച ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞദിവസങ്ങളിലുണ്ടയ ആക്രമണത്തിൽ "നടുങ്ങിപ്പോയി"എന്നും നാടകീയമായ ആ നിമിഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ട അഞ്ച് പേർക്കായി താൻ പ്രാർത്ഥിക്കുന്നു എന്നും അറിയിച്ചു. അക്രമം എല്ലായ്പ്പോഴും സ്വയം നശിപ്പിക്കുന്നതാണെന്ന് ആവർത്തിച്ച് പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ അക്രമത്തിലൂടെ ഒന്നും നേടുന്നില്ലെന്നും എന്നാൽ വളരെയധികം നഷ്ടപ്പെടുവാൻ ഉണ്ടെന്നും ഓർമ്മിപ്പിച്ചു.
“പ്രകോപനം ശമിപ്പിക്കുന്നതിനും ദേശീയ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കൻ സമൂഹത്തിൽ വേരൂന്നിയ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഉയർന്ന ഉത്തരവാദിത്തബോധം നിലനിർത്താൻ ഞാൻ സംസ്ഥാന അധികാരികളോടും മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു,” പാപ്പാ പറഞ്ഞു. പരസ്പരമുള്ള കരുതലിന്റെയും സഹകരണത്തിന്റെയും സംസ്‍കാരം സജീവമായി നിലനിർത്താനും അങ്ങനെ ആ രാജ്യത്ത് ജീവിക്കുന്ന എല്ലാവരും ഒരുമിച്ച് പൊതുവായ നന്മ കെട്ടിപ്പെടുക്കാനും വേണ്ട സഹായം അമേരിക്കൻ ഐക്യനാടുകളുടെ മധ്യസ്ഥയായ അമലോത്ഭവ കന്യകയോട് അപേക്ഷിച്ചുകൊണ്ട് മാർപാപ്പ ഉപസംഹരിച്ചു.