മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്: സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നു; സ്‌റ്റേഷനിലേക്ക് പദയാത്രയായി ബിജെപി

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്:  സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നു; സ്‌റ്റേഷനിലേക്ക് പദയാത്രയായി ബിജെപി

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളും സുരേഷ് ഗോപിക്കൊപ്പം എത്തിയിരുന്നു. സുരേഷ് ഗോപിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി നേതാക്കള്‍ സ്റ്റേഷനിലേക്ക് പദയാത്ര സംഘടിപ്പിച്ചിരുന്നു.

പദയാത്ര സ്റ്റേഷന്‍ പരിസരത്ത് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. 'കോഴിക്കോട് എസ്.ജിയ്ക്കൊപ്പം' എന്ന പ്ലക്കാര്‍ഡുമായി ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 500 ഓളം പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. 'വേട്ടയാടാന്‍ വിട്ടുതരില്ല' എന്ന ബാനറും പിടിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്.

ഇതിനിടെ മൂന്ന് വാഹനങ്ങളുടെ അകമ്പടിയോടെ സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലേക്കെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പദയാത്രയായി സ്റ്റേഷനിലേക്കെത്തിയിരുന്നു. നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിച്ചത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 27 നാണ് കേസിനാസ്പദമായ വിവാദ സംഭവം. ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.