തിരുവനന്തപുരം: നവകേരള സദസില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള പ്രത്യേക ബസിന് ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ട്രഷറി നിയന്ത്രണം മറികടന്നാണ് ആഡംബര സൗകര്യങ്ങളുള്ള ബസിന് ധനവകുപ്പ് ഇത്രയും പണം അനുവദിച്ചിരിക്കുന്നത്.
ബെന്‍സ് കമ്പനിയുടെ 25 പേര്‍ക്ക് സഞ്ചരിക്കാനാകുന്ന ബസാണ് അനുവദിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്നെത്തിയ ബസ് നവീകരണത്തിന് ശേഷം കെഎസ്ആര്‍ടിസിയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് സൂചന.
എന്നാല്‍ ബസ് അനുവദിക്കുന്നത് ആഡംബരമല്ലെന്ന് പറഞ്ഞ് ഗതാഗത മന്ത്രി ആന്റണി രാജു നടപടിയെ ന്യായീകരിച്ചു. ബസ് മോഡി പിടിപ്പിക്കുന്നുവെന്ന് വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ബസില്‍ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാനാണെന്നും മന്ത്രി പറഞ്ഞു.
കാറിലാണ് യാത്രയെങ്കില്‍ 21 മന്ത്രിമാരും അവരുടെ എസ്‌കോര്‍ട്ടും കൂടി 75 വാഹനം ഉണ്ടാകും. യാത്ര ബസിലായാല്‍ ഈ തിരക്ക് ഒഴിവാക്കാനാകും എന്നാണ് മന്ത്രി പറയുന്നത്. ബസില്‍ യാത്ര ചെയ്യുന്നത് സാമ്പത്തികമായ ലാഭം കൂടിയാണ്. ബസ് പിന്നീട് ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഉപയോഗിക്കാന്‍ കഴിയുമെന്നും അദേഹം പറഞ്ഞു.
നേരത്തെ കേരളീയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചിലവഴിച്ച തുക സംബന്ധിച്ച് ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നവകേരള സദസും വിവാദമാകുന്നത്.
നവകേരള സദസിന് പണം കണ്ടെത്താന്‍ ആവശ്യപ്പെട്ട് സഹകരണ സംഘങ്ങള്‍ക്ക് സഹകരണ രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്.