രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സുരേഷ് ഗോപിയെ നോട്ടീസ് നല്‍കി വിട്ടയച്ചു

രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സുരേഷ് ഗോപിയെ നോട്ടീസ് നല്‍കി വിട്ടയച്ചു

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയാണ് വിട്ടയച്ചത്.

കേസുമായി ബന്ധപ്പെട്ട് രണ്ട് മണിക്കൂറിലേറെ അദേഹത്തെ ചോദ്യം ചെയ്തു. നടക്കാവ് പൊലീസ് സ്റ്റേഷനേ പുറത്തെത്തിയ സുരേഷ് ഗോപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കാത്തുനിന്ന പ്രവര്‍ത്തകര്‍ക്കു നന്ദി പറഞ്ഞ അദേഹം പ്രകോപനമില്ലാതെ പിരിഞ്ഞു പോവണമെന്ന് അഭ്യര്‍ഥിച്ചു.

സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. കെ സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ് തുടങ്ങിയ നേതാക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിപാടികള്‍ റദ്ദാക്കിയാണ് വന്നത്. അവരുടെ കരുതലിനും സ്നേഹത്തിനും നന്ദിയുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

രാവിലെ സുരേഷ് ഗോപിക്ക് അഭിവാദ്യം അര്‍പ്പിച്ച് നടക്കാവ് ബിജെപി നേതാക്കള്‍ സ്റ്റേഷനിലേക്ക് പദയാത്ര സംഘടിപ്പിച്ചിരുന്നു. ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 500 ഓളം പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്.

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമ പ്രവര്‍ത്തക പരാതിയില്‍ ആരോപിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27 നാണ് കോഴിക്കോട് കേസിനാസ്പദമായ വിവാദ സംഭവം നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.