ചരിത്രം വഴി മാറി; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി നാല് വനിതകള്‍

ചരിത്രം വഴി മാറി; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി നാല് വനിതകള്‍

ബെഗളൂരു: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി നാല് വനിതാ പൈലറ്റുമാര്‍. ഇവര്‍ നിയന്ത്രിച്ച എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും 16,000 കിലോമീറ്റർ പിന്നിട്ട് ബെഗളൂരു വിമാനത്താവളത്തില്‍ എത്തി. 17 മണിക്കൂറെടുത്താണ് യാത്ര പൂര്‍ത്തിയാക്കിയത്. കേരളമെന്ന് രേഖപ്പെടുത്തിയ വിമാനമാണ് ചരിത്രമായ വ്യോമഗതാഗതം സാദ്ധ്യമാക്കിയത്.

ആകെ 248 പേരാണ് വിമാനത്തില്‍ യാത്രചെയ്തത്. 238 ടിക്കറ്റുകളും തുടക്കത്തിലേ ബുക്ക് ചെയ്തിരുന്നു എന്നതും എയര്‍ ഇന്ത്യക്ക് നേട്ടമായി. ഇതേ വിമാനം ഇന്ന് മുഴുവന്‍ പുരുഷന്മാരായ ജീവനക്കാരുമായി അമേരിക്കയിലേക്ക് തിരികെ പറക്കുമെന്നതും പ്രത്യേകതയാണ്.

ഇങ്ങനെയൊരു ദൗത്യത്തിന് ആദ്യമായാണ് വനിതാ വൈമാനികരുടെ സംഘത്തെ എയര്‍ ഇന്ത്യ നിയമിക്കുന്നത്. ചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്ന് സോയ അഗര്‍വാള്‍ പറഞ്ഞു. തന്‍മയ് പപഗരി, ആകാംക്ഷ, ശിവാനി മാന്‍ഹാസ് എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങള്‍.

2013 ല്‍ ബോയിംഗ് പറത്തിയ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായിരുന്നു സോയ. 8000 മണിക്കൂർ വിമാനം പറപ്പിച്ച അനുഭവസമ്പത്താണ് സോയ അഗര്‍വാളിനുള്ളത്. അതുപോലെതന്നെ 2500 മണിക്കൂർ ഒരു കമാൻഡർ ആയി വിമാനം പറപ്പിച്ച അനുഭവ സമ്പത്തും സോയ്ക്ക് ഉണ്ട്. നോര്‍ത്ത് പോളിലേക്ക് വിമാനം പറത്തിയ ആദ്യ വനിത കമാന്‍ഡര്‍ എന്ന പദവിയും ഇതോടെ സോയക്ക് സ്വന്തമായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.