ക്രിക്കറ്റ് ലഹരിയില്‍ തിരുവനന്തപുരം; ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20 മല്‍സരം ഇന്ന്

ക്രിക്കറ്റ് ലഹരിയില്‍ തിരുവനന്തപുരം; ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20 മല്‍സരം ഇന്ന്

തിരുവനന്തപുരം: തലസ്ഥാന നഗരി വീണ്ടും ക്രിക്കറ്റ് ലഹരിയില്‍. ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന് കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. വൈകുന്നേരം ഏഴിനാണ് മല്‍സരം.

ആദ്യ മല്‍സരത്തില്‍ മികച്ച വിജയം നേടിയ ടീം ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇന്ന് മല്‍സരത്തിന് ഇറങ്ങുന്നത്. ടി20 അന്താരാഷ്ട്ര മല്‍സരത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ചേയ്‌സിംഗ് ആയിരുന്നു കഴിഞ്ഞ മല്‍സരത്തില്‍ പിന്തുടര്‍ന്നു നേടിയ 209 റണ്‍സ്.

അതേ സമയം, ആദ്യ മല്‍സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും തോല്‍ക്കാനായതിന്റെ കുറവ് തീര്‍ത്ത് മികച്ചൊരു വിജയത്തോടെ പരമ്പരയിലേക്ക് തിരിച്ചുവരികയാണ് ഓസീസ് ലക്ഷ്യം.

ആദ്യ മല്‍സരം ജയിച്ചുവെങ്കിലും ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കു കാട്ടാത്തത് ഇന്ത്യയുടെ ടീം മാനേജ്‌മെന്റിനെ ചില മാറ്റങ്ങള്‍ക്കു പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മല്‍സരത്തില്‍ തികച്ചും നിറംമങ്ങിയ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ഇന്ന് അന്തിമ പതിനൊന്നില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്.

എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ ഏറെ റണ്‍സ് വിട്ടുനല്‍കിയ രവി ബിഷ്‌ണോയ് ഇന്നും ടീമില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ടീമില്‍ മറ്റു സ്പിന്നര്‍മാരില്ലാത്തതാണ് ബിഷ്‌ണോയിക്ക് മറ്റൊരു അവസരം കൂടെ ലഭിക്കാന്‍ കാരണം.

കഴിഞ്ഞ മല്‍സരത്തില്‍ എട്ടോവറില്‍ 91 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ എന്നിവര്‍ക്കും ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. അവസാന ഓവറിലടക്കം മികച്ച പ്രകടനം നടത്തിയ മുകേഷ് കുമാറിന് തന്റെ മികച്ച പ്രകടനം ഒരിക്കല്‍ കൂടെ നടത്തേണ്ടതുണ്ട്.

റണ്ണൗട്ടായി ഡയമണ്ട് ഡക്കായി പുറത്തായ റുതുരാജ് ഗെയ്ക് വാദ്, മികച്ച തുടക്കം കിട്ടിയിട്ടും വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിക്കാതെ പോയ യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ തന്നെ ഇന്നും ഓപ്പണ്‍ ചെയ്യും.

അതേ സമയം, കഴിഞ്ഞ മല്‍സരത്തില്‍ നിരാശപ്പെടുത്തിയ തിലക് വര്‍മയ്ക്കു പകരം ഓള്‍റൗണ്ടര്‍ ശിവം ദൂബെ ടീമിലിടം നേടിയേക്കാം. 16 പന്തില്‍ നിന്നു 12 റണ്‍സ് മാത്രമാണ് കഴിഞ്ഞ മല്‍സരത്തില്‍ തിലക് വര്‍മ സ്‌കോര്‍ ചെയ്തത്.

നായകനായുള്ള ആദ്യ മല്‍സരത്തില്‍ മികച്ച പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലെത്തിച്ച സൂര്യകുമാറിന്റെ മറ്റൊരു ബാറ്റിംഗ് വെടിക്കെട്ടിന് തന്നെയാണ് തിരുവനന്തപുരം കാത്തിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.