കരുത്തായി മാക്‌സ്‌വെല്‍; മൂന്നാം ടി20യില്‍ ഇന്ത്യയെ തറപറ്റിച്ച് ഓസ്‌ട്രേലിയ, റുതുരാജിന്റെ സെഞ്ചുറി പാഴായി

കരുത്തായി മാക്‌സ്‌വെല്‍; മൂന്നാം ടി20യില്‍ ഇന്ത്യയെ തറപറ്റിച്ച് ഓസ്‌ട്രേലിയ, റുതുരാജിന്റെ സെഞ്ചുറി പാഴായി

ഗുവാഹത്തി: ഹൈസ്‌കോര്‍ മാച്ചില്‍ ഓസീസിന് തകര്‍പ്പന്‍ ജയം. റുതുരാജ് ഗെയ്ക് വാദിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം ഓസീസ് മാക്‌സ്‌വെല്ലിന്റെ സെഞ്ചുറി കരുത്തില്‍ അവസാന പന്തില്‍ മറികടന്നു.

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് പ്രകടനത്തിന് സമാനമായ മറ്റൊരു പ്രകടനത്തിലൂടെ മാക്‌സ് വെല്‍ ഒറ്റയ്ക്ക് ഓസീസിനെ വിജയതീരമണിയിക്കുകയായിരുന്നു. 5ന് 134 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ അവസാന ഓവറുകളില്‍ മാത്യു വെയ്ഡിനെ കൂട്ടുപിടിച്ച് മാക്‌സി വിജയിപ്പിക്കുകയായിരുന്നു.

48 പന്തില്‍ നിന്ന് 8 സിക്‌സുകളുടെയും അത്രത്തോളം ബൗണ്ടറികളുടെയും സഹായത്തോടെ മാക്‌സ്‌വെല്‍ 104 റണ്‍സ് നേടി പുറത്താകാതെ നിന്നു. മാത്യു വെയ്ഡ് 16 പന്തില്‍ നിന്ന് 28 റണ്‍സ് നേടി മാക്‌സ് വെല്ലിന് ഉറച്ച പിന്തുണയേകി.

അവസാന രണ്ടോവറില്‍ 43 റണ്‍സ് നേടിയാണ് മാക്‌സിയും വെയ്ഡും ഇന്ത്യയുടെ കൈയ്യില്‍ നിന്ന് വിജയം തട്ടിയെടുത്തത്. പത്തൊമ്പതാം ഓവറില്‍ അക്‌സര്‍ പട്ടേലിനെ 22 റണ്‍സിനു ശിക്ഷിച്ച ഓസീസ് താരങ്ങള്‍ അവസാന ഓവറില്‍ പ്രസിദ് കൃഷ്ണയെ 23 റണ്‍സിനും ശിക്ഷിച്ചു.


നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ റുതുരാജ് ഗെയ്ക് വാദിന്‍രെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 57 പന്തില്‍ നിന്ന് ഏഴ് സിക്‌സിന്റെയും 13 ബൗണ്ടറികളുടെയും സഹായത്തോടെ റുതുരാജ് 123 റണ്‍സ് നേടി.

നായകന്‍ സൂര്യകുമാര്‍ യാദവ് 29 പന്തില്‍ നിന്ന് 39 റണ്‍സ് നേടി. 24 പന്തില്‍ നിന്ന് 31 റണ്‍സുമായി തിലക് വര്‍മ പുറത്താകാതെ നിന്നു. കഴിഞ്ഞ മല്‍സരത്തില്‍ തിളങ്ങിയ യശസ്വി ജയ്‌സ്വാളിനും ഇഷന്‍ കിഷനും ഇന്ന് നിരാശപ്പെടുത്തി.

ഡിസംബര്‍ ഒന്നിനാണ് അടുത്ത മല്‍സരം. അവസാന മല്‍സരം മൂന്നാം തീയതി ഞായറാഴ്ച നടക്കും. ആദ്യ രണ്ട് മല്‍സരങ്ങളും ജയിച്ച ഇന്ത്യ നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.