തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവ കേരള ബസ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹം, തീര്‍ഥാടനം, വിനോദ യാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വാടകയ്ക്ക് നല്‍കാനാണ് ആലോചിക്കുന്നത്.
വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും നവ കേരള ബസിന് വന്‍ ജനപ്രീതിയുണ്ടെന്നാണ് വിലയിരുത്തല്‍. കേരള ക്യാബിനറ്റ് ഒന്നടങ്കം യാത്ര ചെയ്‌തെന്ന പ്രത്യേകതയാണ് ഒരു കാരണം. 25 സീറ്റുകളേയുള്ളൂ എന്നതിനാല്‍ സാധാരണ സര്‍വീസ് പ്രയാസകരമാണെന്നാണ് വിലയിരുത്തല്‍.
കൂടാതെ മുഖ്യമന്ത്രിക്കായി ഒറ്റ സീറ്റായിരുന്നു ബസില്‍ ക്രമീകരിച്ചിരുന്നത്. അത് അങ്ങനെ തന്നെ നിലനിര്‍ത്തുമോയെന്ന കാര്യത്തിലും വാടകയ്ക്ക് നല്‍കുകയാണെങ്കില്‍ അതിന്റെ നിരക്ക് സംബന്ധിച്ചും തീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.
നവ കേരള സദസിന്റെ എറണാകുളത്തെ പര്യടനം കൂടി പൂര്‍ത്തിയായശേഷം ബസിന്റെ പരിപാലന ചുമതല നിര്‍വഹിക്കുന്ന കെഎസ്ആര്‍ടിസിക്ക് വിട്ടുനല്‍കും. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് എറണാകുളത്തെ സദസ് മാറ്റിവെച്ചത്.