തിരുവനന്തപുരം: കടന്നപ്പള്ളി രാമചന്ദ്രനും കെ.ബി ഗണേഷ് കുമാറും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ആയിരം പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് രാജ് ഭവനില്‍ ഒരുക്കിയിരിക്കുന്നത്.
ഗണേഷിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കുമെന്നാണ് വിവരം. സര്‍ക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവര്‍ണറും മുഖ്യമന്ത്രിയും ഒരേ വേദിയില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.
ഗണേഷിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയവും കൂടി ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.
പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം ഉള്ളതിനാല്‍ ചീഫ് സെക്രട്ടറി വി. വേണു ചടങ്ങിന് എത്തില്ല. പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുക.
എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരം രണ്ടര വര്‍ഷത്തിന് ശേഷം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവച്ച ഒഴിവിലാണ് കേരള കോണ്‍ഗ്രസ്-ബിയുടെ കെ.ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തുന്നത്. സത്യപ്രതിഞ്ജയ്ക്ക് പിന്നാലെ പുതിയ മന്ത്രിമാര്‍ ഓഫീസിലെത്തി ഇന്നു തന്നെ അധികാരം ഏറ്റെടുക്കും.