കൊച്ചി: പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറവായിരുന്ന 2023 കടന്നു പോകുമ്പോള്‍, 36 ദിവസം നീണ്ടു നിന്ന നവകേരള സദസ് എന്ന പിണറായി മന്ത്രിസഭയുടെ ജനസമ്പര്‍ക്ക യാത്ര സംസ്ഥാനം നേരിട്ട മറ്റൊരു ദുരന്തമായി മാറിയെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്തി ലത്തീന്‍ കത്തോലിക്ക സഭാ മുഖപത്രം 'ജീവനാദം'.
ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ് വിട്ട് പര്യടനത്തിനിറങ്ങിയ പിണറായി മന്ത്രിസഭ 'സഞ്ചരിക്കുന്ന സര്‍ക്കസ് ട്രൂപ്പായി' മാറി. ഇത്തരത്തില്‍ ഒരു മന്ത്രിസഭ പരിഹാസ്യമാകുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
'സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയോട് ചോദിക്കുന്ന ഘട്ടത്തിലാണ് 20 മന്ത്രിമാരോടൊപ്പം രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രി കേരളത്തിലെ 136 നിയോജക മണ്ഡലങ്ങളിലൂടെ ഏതാണ്ട് 1.15 കോടി രൂപ ചെലവില്‍ കാരവാന്‍ ശൈലിയില്‍ മോടിപിടിപ്പിച്ച ഭാരത് ബെന്‍സ് കോച്ചില്‍ രാജകീയ എഴുന്നള്ളത്തിനിറങ്ങിയത്' എന്നാണ് നവകേരള യാത്രയെ ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രം വിശേഷിപ്പിച്ചത്.
ക്രമസമാധാന ചുമതല പൊലീസില്‍ നിന്ന് ഡിവൈഎഫ്‌ഐ ഏറ്റെടുത്തത് ജനം കണ്ടെന്നും പെരുമ്പാവൂരിലെ ഷൂ ഏറില്‍ വധശ്രമത്തിന് കേസെടുത്തതും അത് റിപ്പോര്‍ട്ട് ചെയ്ത വനിത മാധ്യമ പ്രവര്‍ത്തകയെ ഗൂഢാലോചന കേസില്‍പ്പെടുത്തിയതും ജനകീയ പ്രശ്‌നം ഉന്നയിക്കാന്‍ ശ്രമിച്ച സഖ്യകക്ഷി എംപിയോടുള്ള സമീപനവുമടക്കം ആളുകള്‍ക്കിടയില്‍ 'നല്ല മതിപ്പ്' യാത്രയിലുടനീളം ഉണ്ടാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞെന്നും ജീവനാദം പരിഹസിക്കുന്നു.
സഹകരണ ബാങ്കില്‍ നിന്ന് എടുത്ത വായ്പാ തിരിച്ചടവിന് ഇളവ് തേടിയ സാധാരണക്കാരന് 515 രൂപ നല്‍കി പരിഹസിച്ച മുഖ്യമന്ത്രിയും മന്ത്രിസഭയും 'പൗരപ്രമുഖര്‍'ക്കായി അഞ്ചു തരം പായസം ഉള്‍പ്പെടെ 65 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഓണ സദ്യ ഒരുക്കിയതിന് ചിലവായ 26.86 ലക്ഷം രൂപ നല്‍കിയത് സംസ്ഥാന ഖജനാവില്‍ നിന്നാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
നവകേരള കെട്ടുകാഴ്ച്ചയും ചോരക്കളിയും ആര്‍ക്കും അംഗീകരിക്കാനാവില്ലന്നും ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ നേതാവ് സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്ന് അവരുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട ജനസമ്പര്‍ക്ക പരിപാടി ഓര്‍മയുള്ള സാധാരണക്കാരന്‍ ഇതിനെതിരെ പ്രതികരിക്കുമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
സിഎംആര്‍എല്‍ മാസപ്പടി വിവാദത്തെ മുന്‍നിര്‍ത്തിയും മുഖ്യമന്ത്രിക്കെതിരെ ജീവനാദം കടുത്ത ആരോപണം ഉയര്‍ത്തുന്നുണ്ട്. മാസപ്പടി വിവാദം പുറത്ത് കൊണ്ടുവന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കൈ തല്ലി ഒടിക്കാന്‍ നവകേരള മര്‍ദന പരമ്പരകളുടെ കൂട്ടത്തില്‍ ശ്രമം നടന്നുവെന്നാണ് മുഖപ്രസംഗത്തില്‍ ആരോപിക്കുന്നത്.