സിഐഎസ്എഫിന് ആദ്യ വനിത മേധാവി; മറ്റ് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ തലപ്പത്തും മാറ്റം

സിഐഎസ്എഫിന് ആദ്യ വനിത മേധാവി; മറ്റ് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ തലപ്പത്തും മാറ്റം

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) മേധാവിയായി ബിഹാര്‍ സ്വദേശിനിയായ നിന സിങിനെ നിയമിച്ചു. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. 2021 മുതല്‍ സിഐഎസ്എഫിന്റെ ഭാഗമായ നിന സിങ് സിഐഎസ്എഫില്‍ തന്നെ സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുകയായിരുന്നു. കൂടാതെ മറ്റ് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ തലപ്പത്തേക്ക് പുതിയ മേധാവിമാര്‍ എത്തി.

1989 ബാച്ചിലെ രാജസ്ഥാന്‍ കേഡറിലെ ഐപിഎസ് ഓഫീസറായ നിന സിഐഎസ്എഫില്‍ സ്‌പെഷല്‍ ഡിജിയായി പ്രവര്‍ത്തിച്ചു വരികയാണ്. 2013-18 കാലത്ത് അവര്‍ സിബിഐ ജോയിന്റ് ഡയറക്ടറായിരുന്നപ്പോള്‍ ഷീന ബോറ വധം, ജിയാ ഖാന്‍ ആത്മഹത്യ തുടങ്ങിയ വിവാദമായ പല കേസുകളുടെയും മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.

സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലായി അനീഷ് ദയാലിനെയും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡയറക്ടര്‍ ജനറലായി രാഹുല്‍ രാസ്‌ഗോത്ര ഐപിഎസിനെയും നിയമിച്ചു. ഫയര്‍ സര്‍വീസ് സിവില്‍ ഡിഫന്‍സ് ഹോം ഗാര്‍ഡ്സ് ഡയറക്ടര്‍ ജനറലായി വിവേക് ശ്രീവാസ്തവയെയും നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.